ജനവരി മുതല്‍ പുതിയ കര്‍മപരിപാടി: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ജനവരി ഒന്ന് മുതല്‍ ഒരു വര്‍ഷത്തെ പുതിയ പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയമായിരുന്നു. ലക്ഷ്യമിട്ടതു പോലെ വിവിധ വകുപ്പുകളില്‍ ഫയലുകളില്‍ തീര്‍പ്പ് വരുത്താന്‍ സാധിച്ചു. 100 ദിവസം കൊണ്ട് ലക്ഷ്യമിട്ട പരിപാടികള്‍ പല വകുപ്പുകളിലും ലക്ഷ്യം കവിഞ്ഞു.
അടുത്ത ഒരു വര്‍ഷത്തെ പരിപാടിയില്‍ സാമ്പത്തികനേട്ടം, മെച്ചപ്പെട്ട സേവനം, പാവപ്പെട്ടവര്‍ക്കുള്ള സേവനം ഇവയാണ് ലക്ഷ്യമിടുന്നത്. കര്‍മപരിപാടിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നുവരികയാണ്.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും അത് വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശമ്പള കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം യുഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനിക്കും.
ആന്റണി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍. അദ്ദേഹത്തെ ആരും മാറ്റിയതല്ലെന്നും സ്വയം ഒഴിഞ്ഞതാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications