ഐസ്ക്രീം കേസ്: ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി: ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഐസ്ക്രീം കേസ് ഇപ്പോഴത്തെ ബെഞ്ചില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി.
കേസിലെ അഞ്ചാം പ്രതിയായ അബ്ദുള്‍ ഖാദറാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇടപേടണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി സുപ്രിം കോടതി ബെഞ്ച് ഹര്‍ജി തള്ളി.
സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ എല്‍. നാഗേശ്വരറാവുവാണ് അബ്ദുള്‍ഖാദറിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായത്. ചൊവ്വാഴ്ച ഫയല്‍ ചെയ്ത പ്രത്യേക താത്പര്യ ഹര്‍ജി ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. വിശദമായ വാദമൊന്നും കേള്‍ക്കാതെ അപ്പോള്‍ തന്നെ ജസ്റിസുമാരായ ഡി. എം. എര്മാധികാരി, കെ. സബര്‍വാള്‍, തരുണ്‍ ചാറ്റര്‍ജി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തള്ളി.
നേരത്തെ ജസ്റിസ് പത്മനാഭന് നായര്‍ വാദം കേള്‍ക്കുന്നതില്‍ തനിക്ക് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി അബ്ദുള്‍ഖാദര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ജസ്റിസ് പത്മനാഭന് നായര്‍ അയാളുടെ ആവശ്യം അപ്പോള്‍ തന്നെ തള്ളുകയും ചെയ്തിരുന്നു.
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സഹോദരിപുത്രനായ റൗഫാണ് ദില്ലിയിലെത്തി ഹര്‍ജി നല്‍കാനുള്ള നീക്കങ്ങള്‍ നടത്തിയത്. സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകനെ കൊണ്ട് വാദിപ്പിച്ച് കേസ് അട്ടിമറിക്കാനായിരുന്നു റൗഫിന്റെ നീക്കം. ഇതിനായി സര്‍ക്കാരുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ സഹായമുണ്ടായെങ്കിലും ആ നീക്കം പാളി.