ബി.ജെ.പിയില്‍ അവിശ്വാസപ്രമേയത്തിനു നീക്കം
തൃശൂര്‍: ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ പാലക്കാടു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കം. പി.പി മുകുന്ദന്‍ പക്ഷമാണ് ഇതിനായി കരുക്കള്‍ നീക്കുന്നത്.
പാര്‍ട്ടി മുന്‍സംസ്ഥാനപ്രസിഡന്റ് സി.കെ പത്മനാഭനും മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാലും മുകുന്ദനു പിന്‍തുണ നല്‍കുന്നുണ്ട്. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഒപ്പുശേഖരണം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു.
ഭരണകാലാവധി തികയ്ക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ള ശ്രീധരന്‍ പിള്ള പാര്‍ട്ടിയുടെ പ്രതിഛായ മോശമാക്കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കണക്ക് അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്, പെട്രോള്‍ പമ്പ് വിവാദമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുയര്‍ന്നത്, രക്തസാക്ഷിയായി ജയകൃഷ്ണന്‍ മാസ്റര്‍ അനുസ്മരണം വേണ്ട രീതിയില്‍ നടത്താന്‍ കഴിയാത്തത് തുടങ്ങിയ കാരണങ്ങളാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു കാരണമായി പറയുന്നത്.
പി.പി മുകുന്ദനെതിരെയുയര്‍ന്ന പെട്രോള്‍ പമ്പ് വിവാദത്തിനു പുറകില്‍ ശ്രീധരന്‍പിള്ളയാണെന്ന വിശ്വാസമാണ് മുകുന്ദന്‍ പ്രസിഡന്റിനെതിരെ തിരിയാനുണ്ടായ പ്രധാനകാരണം. ശ്രീധരന്‍ പിള്ളയെ മാറ്റി ഒ. രാജഗോപാലിനെ പ്രസിഡന്റാക്കാനാണ് അവരാഗ്രഹിക്കുന്നത്. ഈ നീക്കം ശക്തമായതോടെ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റാഫംഗം അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കഥയും അടുത്തിടെ ഒരു സ്വാകാര്യ ടി.വി ചാനല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പുറകിലും കളിച്ചത് പാര്‍ട്ടി പ്രസിഡന്റാണെന്നാണ് എതിര്‍വിഭാഗത്തിന്റെ കണക്കു കൂട്ടല്‍.
ചേരിപ്പോര് ശക്തമായതോടെ ഡിസംബര്‍ 18, 19 തീയതികളില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാനയോഗം നിര്‍ണായകമാവുമെന്ന് ഉറപ്പാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍.കെ അദ്വാനി, പ്രമോദ് മഹാജന്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.












Click it and Unblock the Notifications