മലപ്പുറത്ത് വി. എസ് പക്ഷത്തിന് മേല്‍ക്കൈ
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വി. എസ്. പക്ഷം ആധിപത്യം ഉറപ്പിച്ചു. വി. എസ്- സിഐടിയു- ഡിവൈഫ്ഐ കൂട്ടുകെട്ടിന്റെ പ്രതിനിധിയായ കെ. സെയ്താലിക്കുട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
24 സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ 18 പേരും 35 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 26 പേരും വി. എസ് പക്ഷക്കാരാണ്.
സമ്മേളനത്തില്‍ പിണറായി പക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന നേതൃത്വം പരിഷ്കരണവാദികളെ സംരക്ഷിക്കുകയാണെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചു. പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തുന്നതിനിടയില്‍ പ്രതിനിധികള്‍ മൂന്ന് വട്ടം എണീറ്റുനിന്ന് ഇടപെട്ടു. ഇതില്‍ പ്രകോപിതനായ പിണറായി സമ്മേളനം സമാപിക്കുന്നതിന് മുമ്പുതന്നെ വേദി വിട്ട് പുറത്തിറങ്ങി.
സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിഐടിയുവിന്റെ നന്ദകുമാറിനെ ടി. കെ. ഹംസ നിര്‍ദേശിച്ചിരുന്നു. സെയ്താലിക്കുട്ടി പിന്താങ്ങുകയും ചെയ്തു. മത്സരം നടന്നാല്‍ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ തോല്‍ക്കുമെന്ന് ഉറപ്പായതിനാല്‍ പിണറായി സെയ്താലിക്കുട്ടിയുമായി ചര്‍ച്ച നടത്തി. സെയ്താലിക്കുട്ടി സെക്രട്ടറിയാവുന്നതിനോട് എതിര്‍പ്പില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ സെയ്താലിക്കുട്ടി സെക്രട്ടറിയായി നിര്‍ദേശിക്കപ്പെട്ടു.












Click it and Unblock the Notifications