ചെലവ് കുറഞ്ഞ വിമാനം: കയറ്റുമതിയെ ബാധിക്കും
ആലുവ: കേരളത്തില്‍ നിന്നും ചെലവ് കുറഞ്ഞ വിമാനങ്ങള്‍ ആരംഭിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവരെ സാരമായി ബാധിക്കും.
എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനമായ എയര്‍-ഇന്ത്യ എക്സ്പ്രസ് മാര്‍ച്ച് 27നാണ് സര്‍വീസ് ആരംഭിക്കുന്നത്. ചെലവ് കുറഞ്ഞ വിമാനത്തില്‍ കൊണ്ടുപോകാവുന്ന സാധനങ്ങളുടെ അളവ് വെട്ടിക്കുറച്ചതാണ് കാര്‍ഷിക കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാവുന്നത്.
ഇതുവരെ സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ എയര്‍ബസ് 301ല്‍ 230 യാത്രക്കാരെയാണ് കയറ്റിയിരുന്നത്. 14,000 കിലോഗ്രാം വരെ സാധനങ്ങള്‍ ഇതില്‍ കൊണ്ടുപോകാമായിരുന്നു. എന്നാല്‍ പുതിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 180 യാത്രക്കാരെ മാത്രമേ കൊണ്ടുപോകാനാവൂ. സാധനങ്ങള്‍ കൊണ്ടുപോകാവുന്നത് 1000 കിലോഗ്രാം മാത്രം.
പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം എന്നിവ ഗള്‍ഫിലേക്ക് ദിവസവും 70 ടണ്‍ വരെ കയറ്റുമതി ചെയ്യാറുണ്ട്. പുതിയ വിമാനങ്ങള്‍ വരുന്നതോടെ ഈ അളവില്‍ സാരമായ കുറവുണ്ടാവും.
മൂന്ന് ദശകങ്ങളിലൂടെ തങ്ങള്‍ ഉണ്ടാക്കിയെടുത്ത വിപണിയാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനത്തിലൂടെ നഷ്ടപ്പെടാന്‍ പോവുന്നതെന്ന് കാര്‍ഗോ അസോസിയേഷന്‍ ട്രഷറര്‍ ബി. എന്‍. രാജ്മോഹന്‍ പറഞ്ഞു.
പ്രശ്നത്തില്‍ ഇടപെടണമെന്ന് കയറ്റുമതിക്കാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications