ശ്രീലങ്കയില്‍ കൃസ്ത്യന്‍ പള്ളി ആക്രമിച്ചു
കൊളംബോ: ശ്രീലങ്കയിലെ ഒരു പുരാതന റോമന്‍ കൃസ്ത്യന്‍ പള്ളി അജ്ഞാതരായ ചിലര്‍ ആക്രമിച്ചു. പള്ളിയിലെ സാധനങ്ങളും വിശുദ്ധരൂപങ്ങളും നശിപ്പിച്ചിട്ടുണ്ട്.
കട്വാനയിലെ സെന്റ് മൈക്കിള്‍സ് പള്ളിയിലാണ് ആക്രമണമുണ്ടായത്. മുന്‍പും ഈ പള്ളിക്കു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ സായുധപോലീസിന്റെ കാവലുണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് പൊലീസ് സേനയെ ഇവിടെ നിന്നും പിന്‍വലിച്ചത്. മുന്‍പ് പള്ളിയാക്രമിച്ച കേസില്‍ പൊലീസ് ഇതുവരെ ആരെയും അറസ്റുചെയ്തിട്ടില്ല. അവര്‍തന്നെയായിരിക്കും ഇത്തവണയും പള്ളിയാക്രമിച്ചതെന്നു കരുതുന്നുവെന്ന് പള്ളി വികാരി ചാമിന്ദ വണിഗ്സേന പറഞ്ഞു.
വംശീയകലാപം നടക്കുന്ന ശ്രീലങ്കയിലെ ആകെ ജനസംഖ്യയില്‍ ഏഴരശതമാനം കൃസ്ത്യന്‍ സമൂഹമാണ്. മതംമാറ്റത്തെ എതിര്‍ത്തിരുന്ന ബുദ്ധമതനേതാവ് ഗാംഗോഡിവാല സോമയുടെ മരണത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ പള്ളികള്‍ക്കു നേരെ ആക്രമണങ്ങളാരംഭിച്ചത്.
ബുദ്ധമതത്തിനു കൂടുതല്‍ പ്രചാരമുള്ള ശ്രീലങ്കയില്‍ വംശീയകലാപത്തില്‍ 60,000പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications