കാഞ്ചി: മുഖ്യപ്രതി അപ്പു കീഴടങ്ങി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസിലെ മുഖ്യപ്രതി അപ്പുവെന്ന കൃഷ്ണസ്വാമി ആന്ധ്രാപൊലീസിനു കീഴടങ്ങി. കീഴടങ്ങാമെന്ന് അറിയിച്ച അപ്പുവിന്റെ ആവശ്യപ്രകാരം ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെത്തിയ കാഞ്ചീപുരം പൊലീസ് സൂപ്രണ്ട് കെ. പ്രേംകുമാറിനു മുന്‍പാകെയാണ് ഇയാള്‍ കീഴടങ്ങിയത്.
ശങ്കരരാമനെ വധിക്കുന്നതിനു വേണ്ടി കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി അപ്പുവിനു പണം നല്‍കിയെന്നും ഇയാളും കൂട്ടാളികളും ചേര്‍ന്ന് കൊല നടത്തിയെന്നുമാണ് കേസ്. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കേസില്‍ പൊലീസ് അറസ്റുചെയ്ത കതിരവനും ഒളിവിലുള്ള രവിസുബ്രഹ്മണ്യവും ചേര്‍ന്നായിരിക്കും കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞതായി അറിയുന്നു.
ഒരു കോണ്‍ട്രാക്ടറായ അപ്പു സ്വാമിയുടെ കയ്യില്‍ നിന്നു പണം വാങ്ങി കൊല നടത്താന്‍ മറ്റു രണ്ടുപേരെ ഏര്‍പ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്.
അപ്പുവിന്റെ അറസ്റിനെ തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട മൂന്നുപേരില്‍ രണ്ടുപേരും പിടിയിലായി. മൂന്നാംപ്രതിയും ഒളിവിലായതുമായ രവിസുബ്രഹ്മണ്യം കേദാര്‍നാഥില്‍ വച്ച് ആത്മഹത്യ ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍പ് തമിഴ് വാര്‍ത്താമാധ്യമങ്ങള്‍ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അപ്പു അറിയിച്ചിരുന്നു. രാഷ്ട്രീയബന്ധങ്ങളേറെയുള്ള ഇയാള്‍ ഒരു പ്രമുഖനെ ഇടനിലക്കാരനാക്കി കീഴടങ്ങലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എസ്.പി പ്രേംകുമാര്‍ അപ്പു മുന്നോട്ടുവച്ച കീഴടങ്ങല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
അപ്പുവിനെയും കൊണ്ട് പൊലീസ് കാഞ്ചീപുരത്തേക്കു പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications