ഐ ഗ്രൂപ്പ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടും
തിരുവനന്തപുരം: ഡിസംബര്‍ 22 ബുധനാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടും.
ചൊവ്വാഴ്ച കെ. മുരളീധരന്റെ അധ്യക്ഷതയില്‍ നടന്ന ഐ ഗ്രൂപ്പ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കുഞ്ഞാലിക്കുട്ടി പ്രശ്നം എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടി കൈകൊള്ളണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടും.
അതേ സമയം ബുധനാഴ്ച നടക്കുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിന്റെ അജണ്ടയില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പും സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശനവും യോഗത്തിന്റെ പ്രധാന അജണ്ടയില്‍ ഉള്‍പ്പെടുത്താനാണ് ഔദ്യോഗികമായി തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഐ ഗ്രൂപ്പും കുഞ്ഞാലിക്കുട്ടിക്കെതിരായ നിലപാട് കൈകൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളും പ്രശ്നം ഉന്നയിച്ചാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കാന്‍ യോഗത്തിനാവില്ല.
ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തോട് അടുപ്പമുള്ള മന്ത്രിമാരും യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാപ്പെടാതിരിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പരസ്യനിലപാട് കൈകൊണ്ട ടി. എം. ജേക്കബിന്റെ സമീപനത്തെ കുറിച്ച് ചര്‍ച്ച നടത്തി പ്രശ്നം വഴിതിരിച്ചുവിടാനാണ് അവരുടെ നീക്കം. ജേക്കബിനെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും.












Click it and Unblock the Notifications