തീരുമാനം ഉമ്മന്‍ചാണ്ടിക്കും തെന്നലയ്ക്കും വിട്ടു
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ കെപിസിസി നിര്‍വാഹകസമിതി യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെയും ചുമതലപ്പെടുത്തി.
അജണ്ടയില്‍ ഇല്ലായിരുന്നെങ്കിലും യോഗത്തില്‍ ആദ്യന്തം നിറഞ്ഞുനിന്നത് കുഞ്ഞാലിക്കുട്ടിപ്രശ്നമായിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് നിര്‍വാഹക സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് വി. എം. സുധീരന്‍ ഭീഷണി മുഴക്കി. യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഒരുങ്ങിയ അദ്ദേഹത്തെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചു. രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സുധീരന്‍ പിന്നീട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നും സിബിഐ അന്വേഷണത്തിന് വിടണമെന്നും ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞപ്പോള്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടായിരുന്നു വയലാര്‍ രവി ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്ക്. തീരുമാനം ഉമ്മന്‍ചാണ്ടിയും തെന്നലയും തീരുമാനിക്കട്ടെ എന്ന് സി. വി. പത്മരാജന്‍ തീരുമാനിച്ചപ്പോള്‍ എ. കെ. ആന്റണി പിന്താങ്ങി.
വി. എം. സുധീരനും ഐ ഗ്രൂപ്പ് നേതാക്കളായ കെ. മുരളീധരന്‍, പി. പി. ജോര്‍ജ്, ശൂരനാട് രാജശേഖരന്‍ എന്നിവരും സിബിഐ അന്വേഷണത്തിന് കേസ് വിടണമെന്ന് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് ബാബു, എം. പി. ഗംഗാധരന്‍, സണ്ണി ജോസഫ് എന്നിവര്‍ രാജി ആവശ്യം ഉന്നയിച്ചു.
രാജി ആവശ്യപ്പെട്ടാല്‍ യുഡിഎഫ് തകരുമെന്നാണ് വയലാര്‍ രവി പറഞ്ഞത്. രാജി ആവശ്യപ്പെടാനാവില്ലെന്ന് ആര്യാടന്‍ മുഹമ്മദും പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് കെ. പി. ധനപാലന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ് സി. ആര്‍. ജയപ്രകാശ് എന്നിവരും രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.












Click it and Unblock the Notifications