കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഡിസംബര്‍ 22 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2000 കോടി ചെലവ് വരുന്ന പദ്ധതി 2006ല്‍ തുടങ്ങി 2010ല്‍ പൂര്‍ത്തിയാക്കും.
ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. 75 ലക്ഷം രൂപയാണ് ഇതിനുള്ള ചെലവ്. ദില്ലിയിലും കൊല്‍ക്കത്തയിലും നിലവിലുള്ളതു പോലെയാവും കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മിക്കുന്നത്.
കൊച്ചിയിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ മെട്രോ റെയിലാണോ സ്കൈ ബസ്സാണോ വേണ്ടതെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കളമേശരി മുതല്‍ എറണാകുളം വരെയുള്ള മെട്രോ റെയില്‍ പദ്ധതിക്ക് ഏകദേശം 30 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. രണ്ടാമത്തെ ഘട്ടത്തില്‍ നെടുമ്പാശേരി വിമാനത്താവളം വരെയെത്തുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ബിഒടി അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications