രാജി സ്വീകരിക്കുന്നത് തീരുമാനമായില്ല: തെന്നല
തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി അംഗത്വത്തില്‍ നിന്നുള്ള വി. എം. സുധീരന്റെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
രാജി പിന്‍വലിക്കണമെന്ന് സുധീരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സുധീരന്റെ രാജിക്കത്ത് സ്വീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തെന്നല.
ഇത്രയേറെ വിവാദമായ പ്രശ്നത്തില്‍ കെപിസിസി തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി നല്‍കിയതെന്ന് സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടി നടത്തിയ ബ്ലാക്ക്മെയിംലിംഗിന് ചില കോണ്‍ഗ്രസ് നേതാക്കളും വിധേയമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ കോണ്‍ഗ്രസ് നേതാക്കള്‍ അകാരണമായി പേടിക്കുകയാണ്.
സമുദായ വര്‍ഗീയത ഇളക്കിവിടുന്ന തരത്തില്‍ കുഞ്ഞാലിക്കുട്ടി പ്രസംഗം നടത്തുന്നത് തുടരുമ്പോഴും പ്രശ്നത്തില്‍ ഇടപെടാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്താനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്.
നിര്‍വാഹകസമിതി അംഗത്വം മാത്രമേ താന്‍ രാജിവച്ചിട്ടുള്ളൂ. കോണ്‍ഗ്രസില്‍ തുടരും. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ പോരാട്ടം തുടരുമെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications