മുഖ്യമന്ത്രിയുടെ വിരുന്ന് പാഴായി
ദില്ലി: കേരളാ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ദേശീയശ്രദ്ധയില്‍ പെടുത്താനെന്നു കൊട്ടിഘോഷിച്ച് നടത്തിയ പഞ്ചനക്ഷത്രവിരുന്നു കൊണ്ട് മുഖ്യമന്ത്രിക്കു മിച്ചം ചീത്തപ്പേരു മാത്രം. വിരുന്നു കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു ദേശീയ പത്രങ്ങളും സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിച്ച് വാര്‍ത്ത കൊടുത്തില്ല. ചില പത്രങ്ങള്‍ വിരുന്നിനെപ്പറ്റി അപ്രധാനമായ വാര്‍ത്തകള്‍ കൊടുത്തെങ്കിലും മുഖ്യമന്ത്രിയുടെ ഭരണനേട്ടങ്ങള്‍ എങ്ങുമില്ല.
വിരുന്നിന്റെ കൂടെ മദ്യം വിളമ്പിയെന്ന പേരില്‍ സംസ്ഥാനത്തെ മാധ്യമങ്ങളും രാഷ്ട്രീയകകക്ഷികളും മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും കൊണ്ടു രംഗത്തെത്തിയിരിക്കുകയാണ്. മദ്യം വിളമ്പിയതിന്റെ പേരില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടുമ്പോള്‍ ഇതുവരെയുള്ളമുഖ്യമന്ത്രിമാര്‍ അനുവര്‍ത്തിക്കാത്ത കീഴ്വഴക്കത്തിലൂടെ മുഖ്യമന്ത്രി പദത്തിന്റെ അന്തസ് ഉമ്മന്‍ ചാണ്ടി കളഞ്ഞുകുളിച്ചുവെന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ അദ്ദേഹത്തിനു വിമര്‍ശനങ്ങളുണ്ട്.
വിവാദമായ ഐസ്ക്രീം കേസ് സംബന്ധിച്ച വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങളില്‍ വരെ ഇടംനേടിയിരുന്നു. ഇതിനു തടയിട്ട് ദേശീയ മാധ്യമങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമമാണ് ഈ വിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഒബ്റോയി ഹോട്ടലില്‍ വിരുന്നിനു വേണ്ടി അധികം തുക ചെലവായിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാനും ദില്ലിയില്‍ ആസൂത്രിത കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കുറവുതുക രേഖപ്പെടുത്തിയ ഒബ്റോയി ഹോട്ടലിലെ വ്യാജബില്ലുകള്‍ മലയാളപത്രങ്ങളുടെ ഓഫീസുകളിലും മറ്റും എത്തുന്നുണ്ട്.












Click it and Unblock the Notifications