സിപിഎം കോഴിക്കോട് ജില്ലാസമ്മേളനം 26 മുതല്‍
കോഴിക്കോട്: 18-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ജില്ലാസമ്മേളനം 2004 ഡിസംബര്‍ 26 ഞായറാഴ്ച കോഴിക്കോട് പേരാമ്പ്രയില്‍ തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനത്തോടനുബന്ധിച്ചു 28 നു നടക്കുന്ന റെഡ് വാളണ്ടിയര്‍ മാര്‍ച്ചില്‍ 5,000ത്തോളം വളണ്ടിയര്‍മാര്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി ജില്ലാസെക്രട്ടറി വി.വി ദക്ഷിണാമൂര്‍ത്തി, നേതാക്കളായ ഇളമനം കരീം, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. തിരുവമ്പാടിയില്‍ രൂപീകരിച്ച പുതിയ കമ്മറ്റിയോടെ 13ല്‍ നിന്നും 14 ഏരിയാകമ്മറ്റികള്‍ നിലവിലുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലും പാര്‍ട്ടി അധികാരത്തിലുണ്ട്.77 ഗ്രാമപഞ്ചായത്തുകളില്‍ 50ലും 12 ബ്ലോക്ക് പഞ്ചായത്തില്‍ 10ലും സിപിഎമ്മാണ് വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 അസംബ്ലി സീറ്റിലും പാര്‍ട്ടി വിജയിച്ചു. ഇതെല്ലാം പാര്‍ട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന ഘടകങ്ങളാണ്.
മാറാട് സംഭവത്തിനു ശേഷം ജനങ്ങള്‍ക്ക് ഉണര്‍വുണ്ടാകാന്‍ ഇവിടെ നടക്കുന്ന സിപിഎം സമ്മേളനം സഹായിക്കുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications