തമിഴ്നാട്ടില്‍ 1000ലേറെ മരണം
ചെന്നൈ: ഭൂകമ്പത്തില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 1000ലധികമായി. 1000ളം പേരെ കാണാതായിട്ടുണ്ട്. ചെന്നൈയില്‍ മാത്രമായി 125 പേരും നാഗപട്ടണത്ത് 400 പേരും മരിച്ചിട്ടുണ്ട്. 1000ലധികം പേരെ കാണാതായിട്ടുണ്ട്. കൂടല്ലൂരില്‍ 180 പേരും കന്യാകുമാരിയില്‍ 150 പേരും മരിച്ചിട്ടുണ്ട്.
കടലിലൊലിച്ചു പോയവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ളതു കൊണ്ട് മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടില്‍ മരണം 800 കവിഞ്ഞു
ഡിസംബര്‍ 26, 2004
സമയം 3.41 പിഎം
ചെന്നൈ: ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ കടലാക്രമണത്തിലും തമിഴ്നാട്ടില്‍ 800ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. ആന്ധ്രയില്‍ 200ലേറെ പേര്‍ മരിച്ചിട്ടുണ്ടാവുമെന്നു സംശയിക്കുന്നു.
ആന്‍ഡമാന്‍-നിക്കോബ്ര ദ്വീപസമൂഹം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ എല്ലാ സ്ഥലങ്ങിലും കൂടി 1000ലേറെ പേര്‍ മരിച്ചിട്ടുണ്ടാവുമെന്നു കരുതന്നതായും മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെ കൂടല്ലൂരില്‍ മാത്രം 190 പേര്‍ മരിച്ചിട്ടുണ്ട്. തീരദേശത്തെ കുടിലുകളില്‍ വെള്ളം കയറിയതു കാരണമാണ് കൂടുതല്‍ ആളുകളും മരിക്കാനിടയായത്. ചെന്നൈ നഗരത്തില്‍ 100ലേറെ പേര്‍ മരിച്ചു. 5000ലേറെ പേരെ കാണാതായിട്ടുണ്ട്. അനിശ്ചിത സംഭവങ്ങളൊഴിവാക്കാന്‍ കല്‍പാക്കത്തുള്ള ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ താല്‍ക്കാലികമായി അടച്ചു. കൂടതലും തീരപ്രദേശത്തു താമസിക്കുന്ന മുക്കുവകുടുംബങ്ങളാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.
നാഗപട്ടണത്ത് 20 പേര്‍ മരിച്ചതായാണു കണക്ക്.
പോര്‍ട്ട്ബ്ലെയറിലെ എയര്‍പോര്‍ട്ടിന് ഭൂചലനത്തില്‍ തകരാറുണ്ടായതിനാല്‍ അങ്ങോട്ടുപുറപ്പെടേണ്ടിയിരുന്ന അലയന്‍സ് എയര്‍ വിമാനം റദ്ദാക്കി. കടലില്‍ പെട്ടുപോയ രണ്ടു കപ്പലുകളെ കയര്‍ മുഖേന കരയിലേക്കു ബന്ദിച്ചതായി ചെന്നൈ പോര്‍ട്ട്ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലും ശ്രീലങ്ക, മലേഷ്യ, ക്വാലാലംപൂര്‍ എന്നിവിടങ്ങളിലുമുണ്ടായ ഭൂകമ്പത്തിലും കടലാക്രമണത്തിലും 1500ലേറെ പേര്‍ മരിച്ചതായി കണക്കാക്കുന്നു. നാശനഷ്ടങ്ങളുടെ കണക്ക് ഇപ്പോഴും വ്യക്തമല്ല.
തമിഴ്നാട്ടില്‍ 300 പേര്‍ മരിച്ചതായി സംശയം
ഡിസംബര്‍ 26, 2004
സമയം 1.05 പിഎം
ചെന്നൈ: ഭൂചലനത്തെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ തമിഴ്നാട്ടില്‍ 300 പേര്‍ മരിച്ചതായി സംശയിക്കുന്നു. ചെന്നൈയില്‍ മാത്രം 100 പേര്‍ മരിച്ചു. കന്യാകുമാരിയിലും വേളാങ്കണ്ണിയിലും കൂടല്ലൂരിലും ഒട്ടേറെ പേര്‍ മരിച്ചു.
വേളാങ്കണ്ണിയില്‍ ഒട്ടേറെ പേര്‍ ഒഴുകിപോയി
ഡിസംബര്‍ 26, 2004
സമയം 12.20 പിഎം
ചെന്നൈ: ഭൂചലനത്തെ തുടര്‍ന്ന് കടല്‍ കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് വേളാങ്കണ്ണി പള്ളിയുടെ താഴത്തെ നില പൂര്‍ണമായും വെള്ളത്തിനടിയിലായി.
പള്ളിയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകര്‍ കുരുങ്ങികിടക്കുകയാണ്. നിരധി പേര്‍ ഒഴുകിപോയി. പള്ളിക്കുള്ളിലുണ്ടായിരുന്നവര്‍ മുകളിലത്തെ നിലയില്‍ അഭയം തേടിയിരിക്കുകയാണ്. പള്ളിയില്‍ കുര്‍ബാന നടക്കുമ്പോഴാണ് കടലാക്രമണം ഉണ്ടായത്.
ഭൂചലനം: തമിഴ്നാട്ടില്‍ 50 പേര്‍ മരിച്ചു
സമയം 11.55 എംഎം
ചെന്നൈ: ഭൂചലനത്തെ തുടര്‍ന്ന് തെക്കന്‍ ചെന്നൈയില്‍ 25 പേരുടെ മൃതദേഹം കണ്ടുകിട്ടി. നഗരത്തില്‍ കടലിന് സമീപത്തായി താമസിക്കുന്നവരാണ് മരിച്ചത്. കൂടല്ലൂരില്‍ 25 പേര്‍ മരിച്ചതായി സംശയിക്കുന്നു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.
ചെന്നൈയിലും കൂടല്ലൂരിലും കടലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ആളുകള്‍ മരിച്ചത്. കടലാക്രമണത്തില്‍ ഒട്ടേറെ കുടിലുകള്‍ ഒലിച്ചുപോയി.
കടലില്‍ നിന്നും വെള്ളം കയറുമ്പോള്‍ ഒട്ടേറെ പേര്‍ കുടിലുകളില്‍ ഉറങ്ങികിടക്കുകയായിരുന്നു. ഇവരെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതായി സംശയിക്കുന്നു. 30 പേരെ കാണാതായതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
റോഡുകളില്‍ 40 അടിവരെ കടല്‍വെള്ളം കയറി. ചില കാറുകളും ബോട്ടുകളും വെള്ളത്തില്‍ ഒലിച്ചുപോയി.
പരിക്കേറ്റ ഇരുപതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടലിനോട് ചേര്‍ന്നുകിടക്കുന്ന ചില കെട്ടിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
കുടിലുകള്‍ നഷ്ടപ്പെട്ട ഒട്ടേറെ പോരെ ചില കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിതരണം ചെയ്യാനായി ഒരു ലക്ഷത്തോളം ഭക്ഷണപാക്കറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.
ചെന്നൈയില്‍ കടല്‍ ഇരച്ചുകയറി; ആളുകളെ കാണാതായി
സമയം 11.30 എഎം
ചെന്നൈ: ചെന്നൈയില്‍ കടല്‍ കരയിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഒട്ടേറെ പേരെ കാണാതായി. ഭൂചലനത്തെ തുടര്‍ന്നാണ് കടല്‍ തീരപ്രദേശങ്ങലിലേക്ക് ഇരച്ചുകയറിയത്.
വേളാങ്കണ്ണി പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഏതാനും മലയാളികളുള്‍പ്പെടെ ഒട്ടേറെ തീര്‍ഥാടകരെ കാണാതായി. വെള്ളം ഇരച്ചുകയറിയ സമയത്ത് നൂറു കണക്കിന് തീര്‍ഥാടകര്‍ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു.
ചെന്നൈയില്‍ മറീനാ ബീച്ച് വെള്ളത്തിനടിയിലാണ്. പതിനഞ്ചോളം പേരെ കാണാതായിട്ടുണ്ട്. പട്ടിനാപാക്കം, തിര്‍വട്രിയാര്‍ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. കടല്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഏതാനും കുടിലുകള്‍ ഒഴുകിപ്പോയി.
അഷ്ടലക്ഷ്മി ക്ഷേത്രത്തിലേക്ക് വെള്ളം കയറി സമീപത്തെ ഇരുപതോളം കെട്ടിടങ്ങള്‍ ഒലിച്ചുപോയി.
ആന്ധ്രാപ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.35ഓടെയാണ് ചൈന്നൈയിലും ആന്ധ്രയിലെ തിരുപ്പതി, വിജയനഗരം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.












Click it and Unblock the Notifications