കേരളത്തില്‍ മരണസംഖ്യ 176 ആയി
കൊല്ലം: സുനാമി കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മരിച്ച രണ്ടു പേരുടെ മൃതദേഹം കൂടി ഡിസംബര്‍ 29 ബുധനാഴ്ച കണ്ടെടുത്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 176 ആയി.
കരുനാഗപ്പള്ളിയിലും ആലപ്പുഴയിലെ ആറാട്ടുപുഴയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ചൊവ്വാഴ്ച 10 പേരുടെ മൃതദേഹം കൊല്ലം ജില്ലയിലെ അഴീക്കലില്‍ നിന്ന് കണ്ടെടുത്തിരുന്നു. ആലപ്പുഴ ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് പരിക്കേറ്റ ഒരാള്‍ മരിച്ചിരുന്നു.
കൂടുതല്‍ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടാവുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം ചതുപ്പില്‍ പുതഞ്ഞ നിലയിലായിരുന്നു.
കൊല്ലത്ത് മാത്രം 140 പേരാണ് മരിച്ചത്. കൊല്ലത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ രണ്ടിടത്തായി സംസ്കരിച്ചു. അഴീക്കല്‍ കടപ്പുറത്തും വ്യാസവിലാസം കരയോഗം യുപി സ്കൂള്‍ ഗ്രൗണ്ടിലും തീര്‍ത്ത ചിതയില്‍ 43 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചു.
കൊല്ലം ജില്ലയിലെ തീരപ്രദേശത്ത് കാണാതായ ഒട്ടേറെ പേരെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആലപ്പാട്ട് ഇരുന്നൂറിലേറെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.
ഒരു ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.












Click it and Unblock the Notifications