പുനരധിവാസം ജനവരി മൂന്നിന് തുടങ്ങും
തിരുവനന്തപുരം: സുനാമി ദുരന്ത ബാധിതരുടെ പുനരധിവാസം ജനവരി മൂന്നിന് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഡിസംബര്‍ 31 വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആലപ്പാട്, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ദുരന്ത ബാധിതരായ ജനങ്ങളുടെ പുനരധിവാസം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിര്‍മിക്കുന്ന താത്കാലിക വീടുകളിലേക്ക് മാറ്റും. ആറാട്ടുപുഴയില്‍ അര കിലോമീറ്റര്‍ ദൂരം കടല്‍ഭിത്തി കെട്ടുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
പുനരധിവാസത്തിനായി ഒരു സംസ്ഥാന തല സമിതി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ പ്രതിപക്ഷ നേതാവും എല്‍ഡിഎഫ്, യുഡിഎഫ് കണ്‍വീനര്‍മാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രസിഡന്റുമായും സെക്രട്ടറിമാരും നിയമസഭാകക്ഷി നേതാക്കളും അംഗങ്ങളായിരിക്കും. സമിതിയുടെ ആദ്യയോഗം ജനവരി നാലിന് നടക്കും.
സുനാമി ദുരന്തത്തെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കാണാതായ മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications