കുഞ്ഞാലിക്കുട്ടി അധികാരകേന്ദ്രമായി തുടരും
കോഴിക്കോട്: മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറായെങ്കിലും തുടര്‍ന്നും പാര്‍ട്ടിനേതൃത്വവും വ്യവസായ വകുപ്പും കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തില്‍ തന്നെയായിരിക്കും. അതേ സമയം കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രമാദിത്വത്തില്‍ ലീഗില്‍ ഒരു വിഭാഗം അതൃപ്തരാണ്.
തന്റെ വിശ്വസ്തനായ ഇബ്രാഹിംകുഞ്ഞിനെ താന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ ഏല്പിക്കുക വഴി അധികാരത്തിലുള്ള തന്റെ നിയന്ത്രണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്.
ലീഗ് മന്ത്രിമാരില്‍ ഒന്നാമന്‍ എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടി വ്യവസായ, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ രാജിവയ്ക്കേണ്ടിവന്ന കുഞ്ഞാലിക്കുട്ടിക്ക് പകരം വന്ന മന്ത്രി തന്നെ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ലീഗില്‍ ഒരു വിഭാഗത്തില്‍ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.
പുതിയ മന്ത്രി വരുന്നതോടെ ലീഗ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതുമുഖക്കാരനായ മന്ത്രിക്ക് ലീഗിന്റെ കൈവശമുള്ള ഏറ്റവും പ്രധാന വകുപ്പുകള്‍ നല്‍കാനിടയില്ലെന്ന നിഗമനമായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. വ്യവസായ വകുപ്പ് ഇ. ടി. മുഹമ്മദ് ബഷീര്‍ കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തന്റെ വിശ്വസ്തനായ ഇബ്രാഹിംകുഞ്ഞിന് തന്നെ ഈ വകുപ്പുകള്‍ നല്‍കുന്നതിലൂടെ പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്.
ഇ. ടി. മുഹമ്മദ് ബഷീര്‍, കെ. എം. മുനീര്‍ എന്നിവരെ തഴഞ്ഞാണ് ഇബ്രാഹിം കുഞ്ഞിന് ഐടി, വ്യവസായ വകുപ്പുകള്‍ നല്‍കിയത്. ഈ വകുപ്പുകളുടെ പ്രവര്‍ത്തനം ഇനിയും താന്‍ ആഗ്രഹിക്കുന്നതു പോലെ മുന്നോട്ടുപോവുമെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ കുഞ്ഞാലിക്കുട്ടി ചെയ്തത്.
പാണക്കാട് തങ്ങളാണ് ഇബ്രാഹിംകുഞ്ഞിനെ മന്ത്രിയാക്കാനും വകുപ്പുകള്‍ തുടരുന്നതിനും തീരുമാനിച്ചത്. തങ്ങളുടെ തീരുമാനമെന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.












Click it and Unblock the Notifications