കുഞ്ഞാലിക്കുട്ടി പ്രതി ആയിരുന്നില്ല: പി. ശശി
തലശേരി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടി പ്രതിയായിരുന്നില്ലെന്ന് സിപിഎം നേതാവ് പി. ശശി തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കി. ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നു പി. ശശി.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രധാനപ്രതി മണിച്ചന്റെ സഹോദരി നളിനിക്കെതിരെ ശശി നല്‍കിയ മാനനഷ്ടക്കേസിന്റെ വിസ്താരവേളയിലാണ് ഇങ്ങനെ മൊഴി നല്‍കിയത്. കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്തു നിന്ന് മാറ്റിയത് താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശശി പറഞ്ഞു.
ശശിക്കെതിരായ വന്ന ചില വാര്‍ത്തകള്‍ നളിനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ആ വാര്‍ത്തകളിലെ ഉള്ളടക്കം കള്ളമാണെന്ന് ശശി കോടതിയോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന്റെ മുഖ്യകാരണക്കാരന്‍ താനാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച വന്നിട്ടില്ലേയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് ചര്‍ച്ച വന്നിട്ടില്ലെന്നായിരുന്നു ശശിയുടെ മറുപടി. ശശിയും ചില നേതാക്കളുമാണ് ഇടതുമുന്നണിയുടെ പതനത്തിന് കാരണക്കാരായതെന്ന് വി. എസ്. അച്യുതാനന്ദന്‍ പ്രസ്താവന നടത്തിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വി. എസ്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശശി പറഞ്ഞു.












Click it and Unblock the Notifications