സുനാമി: ഇസ്രയേലി യുവതിയെ കാണാനില്ല
തിരുവനന്തപുരം: കേരളത്തിലെത്തിയ ഇരുപത്തഞ്ചുകാരിയായ ഇസ്രയേലി യുവതിയെ സുനാമി ദുരന്തമുണ്ടായതിന് തൊട്ടുമുമ്പത്തെ ദിവസം മുതല്‍ കാണാനില്ല. യുവതിയെ കണ്ടെത്താനായി ഒരു ഇസ്രയേലി ഉന്നത ഉദ്യോഗസ്ഥന്‍ ജറുസലേമില്‍ നിന്നും കേരളത്തിലെത്തിയിട്ടുണ്ട്.
ഇസ്രയേലി, അമേരിക്കന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചിരുന്ന ഡിറ്റ്സ എന്ന യുവതി വര്‍ക്കലയിലെ ഒരു റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്. ഡിസംബര്‍ 25ന് ഇവര്‍ വര്‍ക്കലയിലെ മൊണാലിസ എന്ന ബ്യൂട്ടി സലൂണില്‍ എത്തിയിരുന്നു. അതിന് ശേഷം ഇവരെ കുറിച്ച് യാതൊരു വിവരവുമില്ല. ഡിസംബര്‍ 26ന് ആണ് സുനാമി കടല്‍ക്ഷോഭമുണ്ടായത്.
ഇസ്രയേല്‍ വിദേശകാര്യമന്ത്രിയുടെ അംബാസിഡറായ അമികം ലെവിയാണ് ഡിറ്റ്സയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കേരളത്തിലെത്തിയത്. കോവളം, കന്യാകുമാരി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഡിറ്റ്സക്ക് ഉദ്ദേശ്യമുണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിറ്റ്സയെ കാണാതായതിനെ കുറിച്ച് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ലോക്കല്‍ പൊലീസില്‍ നിന്നും വേണ്ടവിധത്തിലുള്ള സഹകരണമുണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതി സുനാമി ദുരന്തം വിതച്ച കന്യാകുമാരിയിലേക്കോ കൊല്ലത്തേക്കോ പോയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ചിലപ്പോള്‍ ആശ്രമം പോലുള്ള സ്ഥലത്ത് അവര്‍ സുരക്ഷിതയായി കഴിയാനും സാധ്യതയുണ്ട്. അവര്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കടല്‍ക്ഷോഭത്തില്‍ പെട്ടിരിക്കണം. പക്ഷേ ഇതുവരെ ഏതെങ്കിലും വിദേശിയുടെ മൃതദേഹം സുനാമി ബാധിത പ്രദേശത്ത് കണ്ടുകിട്ടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications