സുനാമി: ആറു മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞു
തിരുവനന്തപുരം: സുനാമി ദുരന്തത്തില്‍ മരിച്ചതെന്നു കരുതുന്ന ആറു പേരുടെ മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. തീരപ്രദേശങ്ങളായ തുമ്പ കൊച്ചുതുറ, വലിയവേളി, കൊച്ചുപള്ളി, പൊഴിക്കര, പൂന്തുറ എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തുമ്പ കൊച്ചുതുറയില്‍ ഏഴുവയസും വലിയവേളിയില്‍ 13 വയസും കൊച്ചുവേളിയില്‍ 15 വയസും തോന്നിക്കുന്ന പെണ്‍കുട്ടികളുടേയും പൂന്തുറയില്‍ 30 വയസിനടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വലിയതുറയില്‍ 40ഉം 15ഉം വയസു തോന്നിക്കുന്ന രണ്ടു പുരുഷന്മാരുടെ മൃതശരീരങ്ങളും കരയ്ക്കടിഞ്ഞിരിക്കുന്നതായി കണ്ടെത്തി.
മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തില്‍ ജീര്‍ണിച്ചിട്ടുണ്ട്. തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ അറ്റുപോയ അവസ്ഥയിലാണ്. പൊലീസെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാററി.
കാറ്റിന്റെ ദിശ കണക്കാക്കിയാല്‍ കുളച്ചല്‍ ഭാഗത്തുള്ളവരുടേതാവാം മൃതദേഹങ്ങളെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോയ പലരും കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടിരുന്നു.












Click it and Unblock the Notifications