കുഞ്ഞാലിക്കുട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു: ബഷീര്‍
കോഴിക്കോട്: പി. കെ. കുഞ്ഞാലിക്കുട്ടി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഇന്ത്യാവിഷന്‍ ചാനല്‍ കോഴിക്കോട് ബ്യൂറോ ചീഫ് എം. പി. ബഷീര്‍ ജനവരി നാല് ചൊവ്വാഴ്ച കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ മൊഴി നല്‍കി.
കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വാര്‍ത്തകള്‍ മാത്രം കൊടുത്താല്‍ മതിയെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹിയാണെന്നു പറഞ്ഞ് ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നുവെന്ന് ബഷീര്‍ വെളിപ്പെടുത്തി. ജിദ്ദയിലുള്ള കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരമാണു താന്‍ വിളിക്കുന്നതെന്ന് അയാള്‍ പറഞ്ഞതായി ബഷീര്‍ വ്യക്തമാക്കി.
ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ പി.ജെ സെബാസ്റ്യന്‍ നല്‍കിയ ഹര്‍ജിയിന്‍മേലാണ് ബഷീറിനെ വിസ്തരിച്ചത്. ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീനയുമായി നടത്തിയ ഇന്‍റര്‍വ്യൂവിന്റെ കാസറ്റ് മുദ്രവച്ച കവറില്‍ മജിസ്ട്രേറ്റ് പി. ശശിധരനു ബഷീര്‍ കൈമാറി.
മൊഴിയെടുക്കാനായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപ, ക്യാമറാമാന്‍ സുരേഷ് എന്നിവര്‍ക്ക് സമന്‍സയക്കാനും കോടതി നിര്‍ദേശിച്ചു. റജീനയുടെ വെളിപ്പെടുത്തലുകളടങ്ങിയ കാസറ്റ് ഹാജരാക്കാന്‍ ഏഷ്യാനെറ്റ് മാനേജിംഗ് എഡിറ്റര്‍ കെ.പി. മോഹനനു നോട്ടീസയക്കാനും ഉത്തരവിട്ടിട്ടുണ്ട്..












Click it and Unblock the Notifications