ദുരന്തങ്ങള്‍ നേരിടുന്നതിനായി പ്രത്യേക വകുപ്പ്
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി ഡിസാസ്റര്‍ മാനേജ്മെന്റ് എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തീരദേശവാസികള്‍ക്കുള്ള എല്ലാ സാമ്പത്തികസഹായവും കുടിശിക തീര്‍ത്ത് ഉടന്‍ വിതരണം ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
കുടുംബശ്രീ ഡയറക്ടറായ ടി. കെ. ജോസ് ഡിസാസ്റര്‍ മാനേജ്മെന്റ് വകുപ്പിന്റെ സെക്രട്ടറി സ്ഥാനവും വഹിക്കും.
ദുരന്ത പ്രതിരോധത്തിനായി നിയനിര്‍മാണം നടത്തും. ഇതിന്റെ കരട് രൂപം തയ്യാറാക്കാന്‍ റവന്യുമന്ത്രി കെ. എം. മാണിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പരിധി 25 കോടി രൂപയില്‍ നിന്ന് 100 കോടിയായി ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മരണസംഭവിച്ചവരുടെ ആശ്രിതരും അംഗവൈകല്യം ഉണ്ടായവരുമായ 126 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റ് ചികിത്സയിലായ 174 പേര്‍ക്കായി മൂന്ന് ലക്ഷം രൂപ നല്‍കും.
തോട്ടപ്പള്ളി സ്പില്‍വേ നവീകരിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 14 ഷട്ടറുകള്‍ മാറ്റാന്‍ 70 ലക്ഷം രൂപയും 40 ഷട്ടറുകള്‍ യന്ത്രവത്കരിക്കാന്‍ 30 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
കുട്ടനാട്ടെ കൃഷിയിടങ്ങളില്‍ ഓരുവെള്ളം കയറുമെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ മംഗലം, മൂഴിയാര്‍ ഡാമുകള്‍ തുറന്ന് പമ്പ വഴി വെള്ളമെത്തിക്കും.
ആലപ്പാട്ടും ആറാട്ടുപുഴയിലും ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. വിനോദസഞ്ചാര മേഖലകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച ഓര്‍ഡിനന്‍സിനും കരുതല്‍ നിധി 100 കോടിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.












Click it and Unblock the Notifications