ഹിന്ദു ഐക്യം ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗം: പിണറായി
കൊല്ലം: എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും മുന്നോട്ടുവയ്ക്കുന്ന വിശാല ഹിന്ദുഐക്യം എന്ന ആശയം ഹിന്ദുത്വ പ്രചാരണത്തിന്റെ മറ്റൊരു ഭാഗമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം. ജില്ലാ സമ്മേളനത്തിനുതുടക്കം കുറിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിന്റെ പിന്നിലുള്ളത് ആര്‍.എസ്.എസാണ്. മതസ്പര്‍ധ വളര്‍ത്താന്‍ മാത്രമേ ഈ മുദ്രാവാക്യം ഉപകരിക്കൂ. മുമ്പും ആര്‍.എസ്.എസ്., വെള്ളാപ്പള്ളിയെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ എസ്.എന്‍.ഡി.പി. യോഗത്തിനുള്ളില്‍ത്തന്നെ വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാടുകള്‍ ഉയര്‍ന്നു വരുന്നു. കൊല്ലത്ത് കശുവണ്ടി തൊഴിലാളികളും ആലപ്പുഴയില്‍ ആയിരക്കണക്കിന് കയര്‍ തൊഴിലാളികളും സമരരംഗത്ത് ഇറങ്ങിയപ്പോള്‍ നടേശന്‍ എവിടെയായിരുന്നു? കയര്‍-കശുവണ്ടി മേഖലകളില്‍ നടേശന്റെ സമുദായത്തില്‍പ്പെട്ടവരാണ് കൂടുതലും ജോലിചെയ്യുന്നത്. പക്ഷേ അദ്ദേഹം ഈ ഭൂരിപക്ഷത്തിനൊപ്പമല്ല; സമ്പന്നരായ ഒരു ന്യൂനപക്ഷത്തിനൊപ്പമാണ്.
കിളിരൂര്‍ പെണ്‍വാണിഭ കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരെല്ലാം ഉമ്മന്‍ ചാണ്ടിക്ക് വേണ്ടപ്പെട്ടവരാണ്. ഈ കാരണത്താലാണ് അടുപ്പക്കാരനായ ഡി.വൈ.എസ്.പി. ക്ക് കേസ്സിന്റെ ചുമതല മുഖ്യമന്ത്രി നല്‍കിയത്. സ്വന്തക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി എന്തും ചെയ്യാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നില്ല.
കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാട് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. കുഞ്ഞാലിക്കുട്ടിയെ രാജിവയ്പിക്കാതെ ഐസ്ക്രീം കേസ് വര്‍ഗീയവത്കരിക്കാനാണ് ബന്ധപ്പെട്ട കക്ഷികള്‍ ശ്രമിച്ചത്. ആന്റണി കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടി.
സംസ്ഥാനത്തെ മാഫിയയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പണിയാണ് പോലീസിന്റെത്. എല്ലാ രംഗത്തും അഴിമതിയും അരാജകത്വവുമാണ്.
കേന്ദ്രത്തില്‍ മന്‍മോഹന്‍ സിങ്ങ് പിന്തുടരുന്ന പല പരിപാടികളും ഉദാരീകരണനയത്തിന്റെ ഭാഗമാണ്. പേറ്റന്റ്നിയമഭേദഗതി പോലെയുള്ളവ അംഗീകരിക്കാന്‍ പറ്റില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications