കൂടുതല്‍ സഹായത്തിനായി സമ്മര്‍ദം വേണം: യുഡിഎഫ്
തിരുവനന്തപുരം: സുനാമി ദുരന്തബാധിതര്‍ക്കുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം ലഭിക്കുന്നതിനായി സമ്മര്‍ദം ചെലുത്തണമെന്ന് യുഡിഎഫ് ഉന്നതാധികാര സമിതി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കേന്ദ്രത്തില്‍ നിന്നും നല്ല പരിഗണനയാണ് ലഭിച്ചതെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളില്‍ നിന്നും കേരളത്തിന് കൂടുതല്‍ സഹായം ലഭിക്കണം. ഇതിനായി സമ്മര്‍ദം ചെലുത്താനാണ് യുഡിഎഫ് യോഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്ന സംയോജിത തീരപരിപാലന പദ്ധതി പോലുള്ളവയില്‍ നിന്ന് കേരളത്തിലെ തീരപ്രദേശങ്ങളെ ദുരന്തഭീഷണിയില്‍ നിന്ന് മുക്തമാക്കാവുന്ന തരത്തിലുള്ള സഹായം നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു.
എല്ലാ ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്നും പണമില്ലാത്തതിന്റെ പേരില്‍ ഇതില്‍ കാലതാമസമുണ്ടാവരുതെന്നും യോഗം നിര്‍ദേശിച്ചു.
ടി. എം. ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, എ. വി. താമരാക്ഷന്‍ എന്നിവര്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications