10 ദിവസം മരത്തിന് മുകളില്‍ കഴിഞ്ഞ കുട്ടി രക്ഷപ്പെട്ടു
കാര്‍ നിക്കോബാര്‍: സുനാമി ദുരന്തം വിതച്ച കാര്‍ നിക്കോബാര്‍ ദ്വീപില്‍ ഒരു മരത്തിന് മുകളില്‍ 10 ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞ പതിനാലുകാരനായ കുട്ടി ഒടുവില്‍ അത്ഭുതകരമായി രക്ഷപെട്ടു.
സുനാമി കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെടാനായാണ് തമിഴ്നാട്ടുകാരനായ മുരളീധര്‍ മരത്തിന് മുകളില്‍ കയറിപ്പറ്റിയത്. സുനാമി തിരകള്‍ പിന്‍വാങ്ങിയതിന് ശേഷവും ഭയം മൂലം മുരളീധറിന് മരത്തില്‍ നിന്ന് തിരികെയിറങ്ങാന്‍ സാധിച്ചില്ല. അങ്ങനെ 10 ദിവസം മുരളീധര്‍ മരത്തിന് മുകളില്‍ തന്നെ കഴിഞ്ഞു.
ഏഴാം ക്ലാസില്‍ പഠിക്കുന്ന മുരളീധറിനെ കാണാതായപ്പോള്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് മരിച്ചുപോയിട്ടുണ്ടാവുമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. അവശനിലയില്‍ മരത്തിന് കീഴെ വീണുകിടക്കുകയായിരുന്ന മുരളീധറിനെ സൈനികരാണ് കണ്ടെത്തിയത്.
ഇനിയും മരത്തിന് മുകളില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മരത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന് മുരളീധര്‍ പറഞ്ഞു. മുരളീധറിന് മറ്റ് പരിക്കുകളൊന്നുമേറ്റിട്ടില്ല.
ഇത്തരമൊരു സ്ഥിതിയില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞ ഒരാള്‍ അതിജീവിച്ചത് അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications