ഇബ്രാഹിംകുഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പുതിയ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനവരി ആറ് വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, പി. കെ. കുഞ്ഞാലിക്കുട്ടി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുഞ്ഞാലിക്കുട്ടി ചുമതല വഹിച്ചിരുന്ന വ്യവസായം, ഐടി വകുപ്പുകള്‍ ഇബ്രാഹിംകുഞ്ഞിന് നല്‍കാനാണ് മുസ്ലിം ലീഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വകുപ്പുകള്‍ മുഖ്യമന്ത്രി ഇബ്രാഹിംകുഞ്ഞിന് അനുവദിക്കുമെന്നാണ് കരുതുന്നത്.
കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് ഇബ്രാഹിംകുഞ്ഞിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഇബ്രാഹിംകുഞ്ഞ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് രാഷ്ട്രീയത്തില്‍ സ്ഥാനം നേടിയത്. മുസ്ലിം ലീഗിന്റെ ട്രേഡ് യൂണിയനായ എസ്ടിയുവിന്റെ വൈസ് പ്രസിഡന്റാണ്.
സംസ്കാരിക മന്ത്രി എ. പി. അനില്‍കുമാറിനെ പോലെ നിയമസഭാംഗമാവുന്ന ആദ്യതവണ തന്നെ മന്ത്രിയാവാനുള്ള അവസരമാണ് ഇബ്രാഹിംകുഞ്ഞിന് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications