കുഞ്ഞാലിക്കുട്ടിയെ കേസിലുള്‍പ്പെടുത്തണം: വി.എസ്
പാലക്കാട്: കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവെച്ചതു കൊണ്ടുമാത്രം പ്രശ്നം തീരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. റെജീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയെക്കൂടി പ്രതിചേര്‍ത്ത് കേസന്വേഷണം നടത്തിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സി.പി.എം. ജില്ലാ സമ്മേളനത്തിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇബ്രാഹിംകുട്ടി മന്ത്രിസ്ഥാനത്തിരിക്കുന്നത് കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ്. കുഞ്ഞാലിക്കുട്ടിയുടെ ചെരിപ്പിന്റെ വാറഴിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന ഇബ്രാഹിംകുട്ടിയുടെ പ്രസ്താവനയെ വി.എസ്. പരിഹസിച്ചു.
സൂര്യനെല്ലി പീഡനക്കേസില്‍ ഉള്‍പ്പെട്ട പി.ജെ. കുര്യനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയ നടപടിയെ അച്യുതാനന്ദന്‍ വിമര്‍ശിച്ചു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് കുര്യനെതിരെ ഇപ്പോഴും കേസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുര്യന്‍ സ്വയം ഒഴിഞ്ഞുനില്‍ക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ പാര്‍ട്ടി ഒഴിച്ചുനിര്‍ത്തേണ്ടതായിരുന്നു.
കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ അടിയന്തരനടപടി വേണമെന്നും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ കൈകാര്യച്ചെലവ് കുടിശ്ശിക അടിയന്തരമായി നല്‍കി സംഭരണം ഊര്‍ജ്ജിതമാക്കണമെന്നും വി.എസ്. നിര്‍ദ്ദേശിച്ചു. സംഘങ്ങള്‍ക്കുള്ള കൈകാര്യച്ചെലവ് കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് വ്യാഴാഴ്ചയും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. ശിവദാസമേനോന്‍ അധ്യക്ഷത വഹിച്ചു. ഇടതുമുന്നണി കണ്‍വീനര്‍ പാലോളി മുഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ഇ.പി. ജയരാജന്‍, എം. ചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.ടി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications