ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കും: വക്കം
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറികളും അന്യസംസ്ഥാന ലോട്ടറികളും സംസ്ഥാനത്ത് പൂര്‍ണമായും നിരോധിക്കുമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ലോട്ടറി വില്പന സംബന്ധിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും. വേണ്ടിവന്നാല്‍ ഈ കേസില്‍ സുപ്രിം കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ഒരുക്കമാണ്.
ഓണ്‍ലൈന്‍ ലോട്ടറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. നികുതി അടയ്ക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാം എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലോട്ടറി കമ്പനികളില്‍ നിന്നും നികുതി വാങ്ങരുതെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നതാണ്. ലോട്ടറിക്കാരില്‍ നിന്ന് നികുതി ഈടാക്കി അവര്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
ഹൈക്കോടതിയിലെ പല പ്രഗത്ഭരായ അഭിഭാഷകരെയും ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ വല വീശി പിടിച്ചിരിക്കുകയാണെന്നും അതിനാല്‍ കേസ് വാദിക്കാന്‍ മികച്ച അഭിഭാഷകന്‍മാരെ കിട്ടുന്നില്ലെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications