തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ അവ്യക്തത
തിരുവനന്തപുരം: സംഘടനാതെരഞ്ഞെടുപ്പു സംബന്ധിച്ച അനിശ്ചിതത്വം കോണ്‍ഗ്രസില്‍ രൂക്ഷമായി. തെരഞ്ഞെടുപ്പു വേണമോ അതോ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് നാമനിര്‍ദേശസമ്പ്രദായം മതിയോ എന്നതിനെ കുറിച്ചാണ് അനിശ്ചിതത്വം.
ഇതു സംബന്ധിച്ച വരണാധികാരിയായ എം.കൃഷ്ണസ്വാമി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ തീരുമാനമുണ്ടായില്ല. കൃഷ്ണസ്വാമിയോട് തെരഞ്ഞെടുപ്പിനു സന്നദ്ധരാണെന്ന മറുപടിയാണ് ഗ്രൂപ്പുനേതാക്കള്‍ നല്‍കിയതെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെ പല കാര്യങ്ങളിലും അഭിപ്രായ ഐക്യമില്ലാത്ത സാഹചര്യത്തില്‍ സമാധാപരമായ തെരഞ്ഞെടുപ്പു സാധ്യമാണോയെന്നും പ്രവര്‍ത്തകര്‍ക്ക് സംശയമുണ്ട്. മാത്രവുമല്ല, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ചേരി തിരിഞ്ഞ് ഒരു വോട്ടെടുപ്പു താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
തെരഞ്ഞെടുപ്പിനു മുന്നോടിയായി അംഗത്വവിതരണം നടന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ പുരോഗതികളൊന്നും തന്നെയുണ്ടായിട്ടില്ല. സുനാമി ദുരന്തം മൂലം ദേശീയ തലത്തില്‍ തന്നെ സംഘടനാതെരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചേക്കുമെന്ന ശ്രുതി പരന്നതും നടപടിക്രമങ്ങള്‍ സാവധാനത്തിലാക്കാന്‍ കാരണമായി. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടിവക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ കെപിസിസിക്കു ലഭിച്ചിരിക്കുന്ന വിവരം.
കെ.കരുണാകരന്‍, എ.കെ ആന്റണി, കെ.മുരളീധരന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളുമായി കൃഷ്ണസ്വാമി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിനെ കുറിച്ച് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications