സുനാമിക്ക് വീണ്ടും സാധ്യതയെന്ന് ശാസ്ത്രജ്ഞര്‍
മുംബൈ: മുംബൈ-ഒറീസ തീരങ്ങളില്‍ സമീപഭാവിയില്‍ സുനാമിയുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘടന കേന്ദ്രത്തിനു മുന്നറിയിപ്പു നല്‍കി. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിസാസ്റര്‍ മാനേജ്മെന്റ് സെല്ലിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പുനരധിവാസത്തിലും വിദേശഇന്ത്യാക്കാരുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചു സംസാരിക്കുമ്പോഴാണ് ശാസ്ത്രജ്ഞരുടെ സംഘടനയുടെ സെക്രട്ടറി ജനറല്‍ പി. ഡി. ഭട്നാഗര്‍ ഇക്കാര്യം അറിയിച്ചത്.
കാലാവസ്ഥാ നിരീക്ഷണ വകുപ്പടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സംഘടന ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. തെക്കനേഷ്യന്‍ പ്രദേശങ്ങളില്‍ കടലിനടിയില്‍ ഭൂചലനങ്ങളുണ്ടാകുന്നതും അറേബ്യന്‍ കടലില്‍ സുനാമിയുടെ ചെറിയ തോതില്‍ രൂപപ്പെട്ടിരിക്കുന്നതും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തങ്ങള്‍ സുനാമിയുണ്ടാകുമെന്നു തീര്‍ച്ച പറയുകയല്ലെന്നും അതിനുള്ള സാധ്യതകളുണ്ടെന്ന് മുന്നറിയിപ്പു നല്‍കുകയാണു ചെയ്യുന്നതെന്നും ഭട്നഗര്‍ അഭിപ്രായപ്പെട്ടു.
കടല്‍തീരങ്ങളില്‍ കല്ലുകള്‍ കൊണ്ടും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചും സുനാമിയെ തടയാന്‍ സംവിധാനങ്ങളുണ്ടാക്കണം. ശാസ്ത്ര സാങ്കേതിക വകുപ്പും കാലാവസ്ഥാ നിരീക്ഷണ വകുപ്പും ഈ മുന്നറയിപ്പ് ഗൗരവമായെടുത്ത് സാധ്യമായ പഠനങ്ങള്‍ നടത്തണമെന്നും ഭട്നാഗര്‍ പറഞ്ഞു.












Click it and Unblock the Notifications