നിര്‍മാണ മേഖലയില്‍ നിക്ഷേപം വേണം: കപില്‍ സിബല്‍
ദില്ലി: രാജ്യത്തെ തൊഴില്‍മേഖല പുഷ്ടിപ്പെടുത്താനായി നിര്‍മാണരംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കേന്ദ്ര സയന്‍സ് ആന്റ് ടെക്നോളജി വകുപ്പുമന്ത്രി കപില്‍ സിബല്‍ വിദേശഇന്ത്യാക്കാരോടും വിദേശപൗരത്വമുള്ള ഇന്ത്യാക്കാരോടും ആവശ്യപ്പെട്ടു.
എന്‍ആര്‍ഐ ഇന്‍സ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പ്രവാസി ഇന്ത്യക്കാര്‍ എന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമമേഖലകളില്‍ വര്‍ഷത്തില്‍ 100 ദിവസമെങ്കിലും തൊഴിലുറപ്പു നല്‍കുന്ന പദ്ധതി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരും വര്‍ദ്ധിച്ചുവരുന്നു.
ഐടി, ബയോടെക്നോളജി തുടങ്ങിയ രംഗങ്ങളില്‍ നിക്ഷേപിക്കുന്നതു നല്ലതുതന്നെയാണ്. എന്നാല്‍ കൂടുതല്‍ തൊഴിലവസരങ്ങളുറപ്പു നല്‍കുന്ന നിര്‍മാണമേഖലയിലാണ് കൂടുതല്‍ നിക്ഷേപം വേണ്ടത്.
അമേരിക്കയിലെ ആകെ ജനസംഖ്യയായ 360 മില്യണേക്കാളും കൂടുതല്‍ തൊഴില്‍രഹിതരായവര്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും 25 വയസില്‍ താഴെയുള്ളവരാണ്.
നമ്മുടെ നേട്ടങ്ങളും കുറവുകളും നമുക്കറിയാമെന്നും മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഈ അറിവ് സഹായിക്കുമെന്നും അഭിപ്രായപ്പെട്ട കപില്‍ സിബല്‍ സയന്‍സ്, ടെക്നോളജി രംഗങ്ങളിലും ഇന്ത്യക്ക് ഉയര്‍ച്ചയുണ്ടാകുമെന്നഭിപ്രായപ്പെട്ടു.












Click it and Unblock the Notifications