ആറാം ശമ്പള കമ്മിഷന്‍ രൂപീകരിക്കണം: ട്രേഡ് യൂണിയനുകള്‍
ദില്ലി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി ആറാം ശമ്പള കമ്മിഷന്‍ രൂപീകരിക്കണമെന്ന് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി വേതന ബോര്‍ഡുകള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബജറ്റിന് മുമ്പായി ധനകാര്യമന്ത്രി പി. ചിദംബരവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനോടും ടെലികോം, ഇന്‍ഷ്വറന്‍സ്, വ്യോമയാന മേഖലകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനോടുമുള്ള എതിര്‍പ്പ് നേതാക്കള്‍ ചിദംബരത്തെ അറിയിച്ചു. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 9.5 ആയി പുന:സ്ഥാപിക്കാനും ആവശ്യമുയര്‍ന്നു.
ദേശീയ തൊഴില്‍ ഉറപ്പുവരുത്തല്‍ ബില്‍ ദാരിദ്യ്രരേഖക്ക് കീഴെയുള്ളവര്‍ക്ക് ജോലി ഉറപ്പുനല്‍കുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ബില്ലില്‍ അഴിച്ചുപണി വരുത്തണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. പൊതുമിനിമം പരിപാടിയില്‍ നിന്ന് യുപിഎ സര്‍ക്കാര്‍ വ്യതിചലിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
ജോലി ഉറപ്പുവരുത്തല്‍ പരിപാടിയില്‍ ഉള്‍ക്കൊള്ളിക്കേണ്ട തൊഴിലുകളേതൊക്കെയെന്ന് കണ്ടെത്തുന്നതിന് ഒരു കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പിനെ നിയോഗിക്കാനും ആവശ്യമുയര്‍ന്നു.
എല്ലാ ജീവനക്കാര്‍ക്കും ബോണസ് ഉറപ്പുവരുത്തുന്ന വിധത്തില്‍ ബോണസ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പലിശ 12 ശതമാനമായി ഉയര്‍ത്തണമെന്നും അല്ലെങ്കില്‍ 9.5 ശതമാനമായി നിലനിര്‍ത്തുകയെങ്കിലും ചെയ്യണമെന്നും സിഐടിയുവും ബിഎംഎസ്സും ആവശ്യപ്പെട്ടു.
മേഡോണ്‍ ഫുഡ്സിന്റെ പുതിയ ഉടമകളായ ഹിന്ദുസ്ഥാന്‍ ലിവര്‍ അതിന്റെ ആറ് യൂണിറ്റുകള്‍ അടച്ചുപൂട്ടിയതിനെ ബിഎംഎസ് നിശിതമായി വിമര്‍ശിച്ചു.












Click it and Unblock the Notifications