കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പാസ്വാന്‍
ദില്ലി: ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ജനവരി 12 ബുധനാഴ്ച ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന നിര്‍ദേശം പാസ്വാന്‍ മുന്നോട്ടുവച്ചു.
കൂടിക്കാഴ്ചയ്ക്കായി തന്നെ സോണിയാഗാന്ധി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച നടത്തിയതെന്ന് പാസ്വാന്‍ പറഞ്ഞു.
ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവുമായുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് പാസ്വാന്റെയും സോണിയയുടെയും കൂടിക്കാഴ്ച.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ജനശക്തിയും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാല്‍ ബീഹാറില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് സോണിയയെ അറിയിച്ചിട്ടുണ്ടെന്ന് പാസ്വാന്‍ പറഞ്ഞു. ബിജെപിക്കൊപ്പം ചേര്‍ന്ന ജനതാദള്‍ യുനൈറ്റഡുമായി സഖ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയായി ലാലു പ്രസാദ് യാദവ് സോണിയാഗാന്ധിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. സീറ്റ്വിഭജനം സംബന്ധിച്ച് ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ലാലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications