വികസന സെമിനാര്‍ നടത്തും: ഫൊക്കാന
തിരുവനന്തപുരം: കേരളവികസനത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കുള്ള പങ്കിനെക്കുറിച്ച് അമേരിക്കയിലും കേരളത്തിലും കേരളവികസന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്തെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജ് കോരത്ത്, ജനറല്‍ സെക്രട്ടറി ജോണ്‍ ഐസക് എന്നിവര്‍ പറഞ്ഞു. അമേരിക്കയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്.
ഐ.ടി.രംഗം കഴിഞ്ഞാല്‍ ഫാര്‍മസി മേഖലയ്ക്കാണ് ഇപ്പോള്‍ അമേരിക്കയില്‍ കൂടുതല്‍ തൊഴില്‍ സാദ്ധ്യതയുള്ളത്. ഫാര്‍മസിയില്‍ ഡോക്ടറേറ്റ് ഡിഗ്രി, ഫാം. ഡി ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഈ കോഴ്സിന്റെ ദൈര്‍ഘ്യം ആറ് വര്‍ഷമാണ്. കേരളത്തില്‍ നിന്നും നാലുവര്‍ഷത്തെ ഫാര്‍മസി കോഴ്സുകള്‍ പഠിച്ചവര്‍ അമേരിക്കയിലെത്തിയാല്‍ വീണ്ടും പഠിക്കേണ്ടിവരും. ഇത് പരിഹരിക്കുവാന്‍ കേരളത്തില്‍ ഫാം.ഡി. കോഴ്സുകള്‍ ആരംഭിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
2001-ലെ ഫൊക്കാന കണ്‍വെന്‍ഷന്‍ തീരുമാന പ്രകാരം ലോക ബാങ്ക് സഹായത്തോടെ കേരളത്തിലെ വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി കേരള സര്‍ക്കാരുമായി ധാരണയിലെത്തിയെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ലെന്ന് ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ.എം.അനിരുദ്ധന്‍ പറഞ്ഞു. ഫൊക്കാന കേരളത്തിലേക്കയച്ച ആശുപത്രി ഉപകരണങ്ങള്‍ ഇപ്പോഴും കൊച്ചി തുറമുഖത്ത് കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സുനാമി ദുരന്തത്തിനിരയായവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫൊക്കാന അഞ്ചുലക്ഷം രൂപ നല്‍കി. ഇതുകൂടാതെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഫൊക്കാന വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications