കിളിരൂര്‍: പുതിയ സിബിഐ മേധാവി സ്ഥാനമേറ്റു
കൊച്ചി: കിളിരൂര്‍ സ്ത്രീപീഡനക്കേസ് അന്വേഷണത്തിന് പുതിയ സിബിഐ മേധാവി സ്ഥാനമേറ്റു. നാഗ്പൂര്‍ സ്വദേശിയായ ടി.സുഭാഷ്ചന്ദ്രബോസിനാണ് അന്വേഷണച്ചുമതല. സിബിഐയുടെ ചെന്നൈ യൂണിറ്റിലെ സ്പെഷല്‍ ക്രൈം ഡിവിഷനാണ് കേസിന്മേലുള്ള അന്വേഷണം നടത്തുക.
ഇതുവരെ ഈ യൂണിറ്റിന്റെ മേധാവിയായിരുന്ന വെങ്കട്ടരാമന്‍ അഴിമതി അന്വേഷണ വിഭാഗത്തിന്റെ ചുമതലയേറ്റു. ആലുവ കൊലക്കേസും ചേകന്നൂര്‍ മൗലവി കൊലക്കേസും അന്വേഷിച്ചത് വെങ്കട്ടരാമന്റെ നേതൃത്വത്തിലായിരുന്നു.
കിളിരൂര്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര സിബിഐ മേധാവി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഉത്തരവ് കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ അന്വേഷണ ചുമതല ചെന്നൈയിലെ സ്പെഷല്‍ ക്രൈംസ് ഡിവിഷന് ഏറ്റെടുക്കാന്‍ കഴിയൂ. ന്യൂഡല്‍ഹിയിലെ ചുവപ്പുനാടയില്‍ അത് കുരുങ്ങിക്കിടന്നാല്‍ അന്വേഷണവും നീളും.
ഈ കേസ് ഏറ്റെടുക്കാന്‍ സിബിഐ ചെന്നൈ യൂണിറ്റിന് യാതൊരു താത്പര്യവും ഇല്ലായിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ആഭ്യന്തര വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് അന്വേഷണം ഏറ്റെടുക്കാന്‍ വകുപ്പുമന്ത്രി സുരേഷ് പച്ചൗരി സമ്മതിച്ചത്.
സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചശേഷം കേസ് സിബിഐക്ക് കൈമാറുന്നതിനോട് പലപ്പോഴും സിബിഐ നീരസം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ക്രൈംബ്രാഞ്ച് തെളിവ് നശിപ്പിച്ച ചില കേസുകള്‍ ഉദാഹരണസഹിതം സിബിഐ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എങ്കിലും പലപ്പോഴായി സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങി കേസ് സിബിഐ ഏറ്റെടുത്തുപോരുന്നു.
കിളിരൂര്‍ സ്ത്രീപീഡന കേസിനോടൊപ്പം കവിയൂരിലെ കൂട്ട ആത്മഹത്യാ കേസും സിബിഐ അന്വേഷിക്കുന്നതാണ്.












Click it and Unblock the Notifications