ഓണ്‍ലൈന്‍ ലോട്ടറികള്‍ കേരളത്തില്‍ നിരോധിച്ചു
തിരുവനന്തപുരം: ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ലോട്ടറികളുടെ വില്‍പന നിരോധിച്ചുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കി. വ്യാഴാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. കേരളം ഓണ്‍ലൈന്‍ ലോട്ടറി വിമുക്ത സംസ്ഥാനമായും വിജ്ഞാപനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വെന്‍ഡിംഗ് യന്ത്രങ്ങള്‍, ടെര്‍മിനലുകള്‍, ഇലക്ട്രോണിക് യന്ത്രങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവ വഴിയുള്ള ലോട്ടറി ടിക്കറ്റുകളുടെ വില്‍പനയാണ് നിരോധിച്ചത്. ഇതിനായി കേരള ലോട്ടറി റഗുലേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്.
കര്‍ണ്ണാടക സംസ്ഥാനത്തിന്റെ മാതൃക പിന്തുടര്‍ന്നാണ് കേരളവും ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചത്. കേന്ദ്ര നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം ഒരു സംസ്ഥാനത്തിന് അവിടെ അന്യസംസ്ഥാന ലോട്ടറി വിറ്റഴിക്കുന്നത് നിരോധിക്കാം. എന്നാല്‍ സ്വന്തമായി ലോട്ടറി നടത്താത്തവര്‍ക്ക് മാത്രമേ മറ്റുള്ളത് നിരോധിക്കാനാവൂ എന്ന് 1999-ല്‍ സുപ്രീംകോടതി ഇതിന് വ്യാഖ്യാനം നല്‍കി. ആറുമാസം മുമ്പ് സ്വന്തം ഓണ്‍ലൈന്‍ ലോട്ടറി നിര്‍ത്തലാക്കിയിട്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ ലോട്ടറികമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റേ ലഭിച്ചില്ല. കേസിപ്പോഴും ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ്.
എന്നാല്‍ കേരള സര്‍ക്കാര്‍ സ്വന്തമായി ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്നില്ല. അതുകൊണ്ട് ഇത് നിരോധിക്കാനാവുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അന്യസംസ്ഥാന ലോട്ടറികളൊന്നും വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചട്ട വിരുദ്ധമായ അന്യ സംസ്ഥാനപേപ്പര്‍ ലോട്ടറികള്‍ നിരോധിച്ചിട്ടില്ല.
മേഘാലയ സര്‍ക്കാര്‍ നല്‍കിയ കേസില്‍ ഓണ്‍ലൈന്‍ ലോട്ടറി വില്‍പന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പോലീസ് നടപടി സുപ്രീംകോടതി സ്റേചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പോലീസ് നടപടി തുടരുന്നുവെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ കേസില്‍ ജനവരി 17ന് ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകണം. സുപ്രീംകോടതിയുടെ സ്റേയ്ക്കെതിരെ റിവിഷന്‍ പെറ്റിഷന്‍ നല്‍കാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേസില്‍ ഹാജരാകുന്നതിന് തൊട്ടു മുമ്പാണ് ഓണ്‍ലൈന്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
കെ. സുരേഷ്കുമാര്‍ ലോട്ടറി ഡയറക്ടറായി ചുമതലയേറ്റശേഷമാണ് ചട്ടവിരുദ്ധമായി വില്‍പന നടത്തുന്ന ഇവയ്ക്കെതിരെയുള്ള നടപടികള്‍ തുടങ്ങിയത്. തുടര്‍ന്ന് സുരേഷ്കുമാറിനെ ഡയറക്ടര്‍ പദവിയില്‍നിന്ന് മാറ്റിയതും വിവാദമായി. ഓണ്‍ലൈന്‍ ലോട്ടറികളുടെ ചട്ടലംഘനത്തെയും ഇതുണ്ടാക്കുന്ന സാമൂഹികദൂഷ്യത്തെയും പറ്റി സംസ്ഥാന സര്‍ക്കാര്‍ വിശദമായ നിവേദനം തയ്യാറാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ലോട്ടറികളില്‍ പണം മുടക്കി കബളിപ്പിക്കപ്പെട്ട 12 പേര്‍ നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് നിവേദനത്തില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ നിവേദനം ഇനിയും സുപ്രീംകോടതിയുടെ മുന്നില്‍ എത്തിയിട്ടില്ല.
ഓണ്‍ലൈന്‍ ലോട്ടറികളുടെ 3000ളം വില്‍പന കേന്ദ്രങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. ഈ കമ്പനികള്‍ സംസ്ഥാനസര്‍ക്കാരിനു നല്‍കാനുള്ള 5750 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്.












Click it and Unblock the Notifications