ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ശോചനീയം: ബിജെപി
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വളരെ ശോചനീയമാണെന്ന് ബിജെപി ആരോപിച്ചു.
സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ വിമര്‍ശിച്ചത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നു കാണിക്കുന്നതായി വാര്‍ത്താലേഖകരോടു സംസാരിക്കവെ ബിജെപി നേതാവ് ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഫണ്ടിലേക്കു ധാരാളം പണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ചെറിയ ശതമാനം പ്രയോജനം പോലും ഭൂരിഭാഗം ആളുകള്‍ക്കും ലഭിക്കുന്നില്ല. മത്സ്യബന്ധനബോട്ടുകളും വലകളും നഷ്ടപ്പെട്ടവര്‍ക്ക് ഇവ വീണ്ടും നല്‍കുമെന്ന ഉറപ്പും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്രപേര്‍ക്കു സഹായം ലഭിക്കുന്നുണ്ടെന്നു തന്നെ വ്യക്തമല്ല.
സന്നദ്ധസംഘനകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സന്നദ്ധസംഘടനകള്‍ക്കെതിരായാണ് പല മന്ത്രിമാരും പ്രസ്താവനയിറക്കുന്നത്.
മണല്‍ഖനന നിയമം കൃത്യമായി നടപ്പാക്കാത്തതാണ് സുനാമി ദുരന്തത്തിനു കാരണമായതെന്ന് രാജഗോപാല്‍ ആരോപിച്ചു. മണലെടുത്തിടത്ത് മണ്ണു നിറയ്ക്കണമെന്ന നിയമം കര്‍ശനമായി പാലിച്ചിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications