സുനാമി: ദുരിതാശ്വാസക്യാമ്പില്‍ നിരാഹാരം
കൊല്ലം: കൊല്ലം ഓച്ചിറ ക്യാമ്പിലെ സുനാമിബാധിതര്‍ 2005 ജനുവരി 14 വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ നിരാഹാരമാരംഭിച്ചു. ക്യാമ്പില്‍ ശരിയായി ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം.
ക്യാമ്പില്‍ നല്‍കിവരുന്ന ഭക്ഷണം വൃത്തിയില്ലാത്തതാണെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. കുട്ടികള്‍ക്കു പോലും വേണ്ടരീതിയിലുള്ള പരിചരണങ്ങളോ ആരോഗ്യസംവിധാനങ്ങളോ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ദുരന്തത്തില്‍ നഷ്ടപ്പെട്ടവയ്ക്കു പകരം മത്സ്യബന്ധന ഉപകരണങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല.
നിരാഹാരം മൂലം കുട്ടികള്‍ക്കു പോലും ഭക്ഷണം നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ല. സുനാമിദുരന്തത്തില്‍ മരിക്കാത്ത തങ്ങളുടെ പലരുടെയും അവസാനം ദുരിതാശ്വാസക്യാമ്പിലാകുമെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വ്യക്തമായ പരിഹാരമുണ്ടാകുന്നതു വരെ നിരാഹാരം തുടരുമെന്നും ദുരന്തബാധിതര്‍ അറിയിച്ചു.












Click it and Unblock the Notifications