പിണറായി പറഞ്ഞത് ശരിയല്ല: കല്ലട സുകുമാരന്‍
കൊച്ചി: ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാനായി യോഗം ചേര്‍ന്നിട്ടില്ലെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ കല്ലട സുകുമാരന്‍ വ്യക്തമാക്കി.
ഇ. കെ. നായനാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ താനും അന്നത്തെ അഡ്വക്കറ്റ് ജനറലായിരുന്ന എം. കെ. ദാമോദരനും തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആ യോഗത്തില്‍ വി. എസ്. അച്യുതാനന്ദനും ചടയന്‍ ഗോവിന്ദനും പങ്കെടുത്തിരുന്നു. എന്നാല്‍ ആ യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. കേസിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയേ ഉണ്ടായിട്ടില്ല.
കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളില്ലെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞതായി പിണറായി പ്രസംഗത്തില്‍ പറഞ്ഞതും ശരിയല്ല. കുഞ്ഞാലിക്കുട്ടിക്ക് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് താന്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ല.
ക്രിമിനല്‍ കേസുകളില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് പ്രഥമ പരിഗണനയാണ് നല്‍കാറുള്ളത്. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ കേസില്‍ പ്രതിയാക്കാതിരുന്നത് ദുരൂഹമാണ്.
കേസ് സംബന്ധിച്ച് നായനാര്‍ ഒരിക്കലും തന്നോട് വിശദീകരണം ആരാഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി തന്നെ ഫോണില്‍ വിളിച്ച് റിപ്പോര്‍ട്ടില്‍ നീരസം പ്രകടിപ്പിച്ചിരുന്നു.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന പുതിയ വിവാദം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് കല്ലട സുകുമാരന്റെ ഈ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications