പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമം: പിണറായി
തിരുവനന്തപുരം: പാര്‍ട്ടി പിടിച്ചടക്കാന്‍ ജില്ലാ സമ്മേളനങ്ങളിലെല്ലാം ശ്രമം നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കേണ്ടെന്ന് വി. എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തതാണെന്നും പിണറായി പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗത്തില്‍ വി. എസ് വിഭാഗത്തിനെതിരെ പരസ്യമായ പോര്‍വിളി നടത്തിയ പിണറായി ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടി പിടിച്ചടക്കാന്‍ നടത്തുന്ന ശ്രമത്തെ ചെറുക്കുമെന്നും മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കാണാമെന്നും പറഞ്ഞു.
മൂന്ന് മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ വികാരവിക്ഷുബ്ധനായ പിണറായി പാര്‍ട്ടി നേതൃത്വത്തിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ ആസൂത്രിതമാണെന്ന് ആരോപിച്ചു. ഇവിടെ ചര്‍ച്ചയ്ക്കുവന്ന വിവരങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയാം. പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ നിയോഗിച്ച ആളുകളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
യുവധാര നശിപ്പിക്കാന്‍ തീരുമാനിച്ചത് ഡിവൈഎഫ്ഐയാണ്. ഇത് സിപിഎമ്മിന്റെ തീരുമാനപ്രകാരമായിരുന്നില്ല.
ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ അച്യുതാനന്ദന്‍ ഉള്‍പ്പെട്ട ഉപസമിതിയാണ് തീരുമാനമെടുത്തതെന്ന് കൊല്ലം സമ്മേളനത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് അച്യുതാനന്ദനുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം തീരുമാനിച്ചിരുന്നു. ഐസ്ക്രീം കേസില്‍ അഡ്വക്കറ്റ് ജനറലായിരുന്ന എം. കെ. ദാമോദരനും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ആയിരുന്ന കല്ലട സുകുമാരനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ പ്രശ്നം പരിഹരിക്കാനായി അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരാണ് യോഗം വിളിച്ചത്. അച്യുതാനന്ദനും ചടയന്‍ ഗോവിന്ദനും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കുഞ്ഞാലിക്കുട്ടി ഒരു വിടനാണ്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഒരിക്കലും കൂട്ടുനില്‍ക്കില്ല- പിണറായി പറഞ്ഞു.












Click it and Unblock the Notifications