ബെന്‍സനും ബെന്‍സിക്കും ഭാവി ഇരുളുന്നു
തിരുവനന്തപുരം: എച്ച്ഐവി ബാധിതരായ പത്തുവയസുകാരി ബെന്‍സിക്കും എട്ടുവയസുകാരന്‍ ബെന്‍സണിനും മുത്തച്ഛന്റെ മരണം തീരാവേദനയായി. അച്ഛനമ്മമാര്‍ എയ്ഡ്സ് മൂലം മരിച്ചതിനെ തുടര്‍ന്ന് മുത്തച്ഛന്റെ സംരക്ഷണത്തിലായിരുന്നു ഈ കുരുന്നുകള്‍.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതിയ ഗീവര്‍ഗീസ് ആന്റണി (65) ഹൃദയാഘാതത്തെ തുടര്‍ന്ന് ഈയിടെയാണ് മരിച്ചത്.
എച്ച്ഐവി ബാധിതരാണെന്ന കാരണത്താല്‍ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി റിട്ടയേഡ് സൈനികനായ ഗീവര്‍ഗീസ് സെക്രട്ടറിയേറ്റിന് മുന്നില്‍ കുട്ടികളോടൊപ്പം ഉപവാസം അനുഷ്ഠിച്ചതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും സ്കൂളില്‍ ചേര്‍ത്തത്.
മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് ബെന്‍സനും ബെന്‍സിക്കും വീട്ടിലിരുന്ന് പഠിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാടുകള്‍ ചെയ്തു. പിന്നീട്, സാമൂഹിക സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നിരന്തരമായ ബോധവത്കരണത്തെ തുടര്‍ന്ന് 15 മാസത്തിന് ശേഷം ഈ കുട്ടികള്‍ക്ക് സ്കൂളില്‍ പുന:പ്രവേശനം നല്‍കി.
ബെന്‍സി ഇപ്പോള്‍ നാലാം ക്ലാസിലും ബെന്‍സണ്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് ഇരുവരുടെയും മുഴുവന്‍ പഠനച്ചെലവും വഹിക്കാമെന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് അറിയിച്ചിട്ടുണ്ട്.
മുത്തശ്ശി സാലിക്കുട്ടിയോടൊപ്പമാണ് കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത്.












Click it and Unblock the Notifications