ഐസ്ക്രീം: വക്കീലിനെതിരെ അച്ചടക്ക നടപടി
കൊച്ചി: റജീനയുടെ സംഭാഷണം മൊബൈല്‍ ഫോണിലൂടെ ചോര്‍ത്തിക്കൊടുത്തതിന് കോഴിക്കോട്ടെ അഭിഭാഷകനായ പി.ടി. ഇബ്രാഹിമിന് എതിരെ അച്ചടക്കനടപടി എടുക്കാന്‍ കേരളാ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയില്‍ മൊഴി നല്‍കാനെത്തിയ റജീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് മൊബൈല്‍ ഫോണിലൂടെ അഡ്വ. ഇബ്രാഹിം അന്ന് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ആരോപണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ബാര്‍ കൗണ്‍സില്‍ സ്വമേധയാ അഡ്വ. ഇബ്രാഹിമിന് നോട്ടീസ് അയച്ചത്.
ഇതുസംബന്ധിച്ച് അദ്ദേഹം ബാര്‍ കൗണ്‍സിലിന് വിശദീകരണം നല്‍കിയിരുന്നെങ്കിലും കൗണ്‍സില്‍ അധ്യക്ഷന്‍ അഡ്വ. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗം വിശദീകരണം നിരസിച്ചു. തന്റെ മൊബൈല്‍ഫോണ്‍ അപ്പോള്‍ യാദൃഛികമായി തുറന്നുപോയെന്നുംമറ്റുമാണ് അദ്ദേഹം വിശദീകരിച്ചത്.
തൊഴില്‍പരമായ പെരുമാറ്റദൂഷ്യം തെളിഞ്ഞാല്‍ വക്കീലിന്റെ പ്രാക്ടീസ് സ്ഥിരമായി വിലക്കാന്‍പോലും സമിതിക്ക് അധികാരമുണ്ട്. ഇന്ത്യയില്‍ത്തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു കേസ് ബാര്‍ കൗണ്‍സില്‍ പരിഗണിക്കുന്നത്.












Click it and Unblock the Notifications