സിപിഎം സമ്മേളനം: ക്ഷണിച്ചില്ലെങ്കിലും ബര്‍ലിന്‍ നായരെത്തി
തലശേരി: ക്ഷണിക്കപ്പെടാത്ത അതിഥിയായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സിപിഎം ജില്ലാ സമ്മേളനത്തിനെത്തി. മാധ്യമപ്രവര്‍ത്തകരുടെ നിരയില്‍ സ്ഥാനം പിടിച്ച ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സമ്മേളന വേദിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ പങ്കുചേരുകയും ചെയ്തു.
പാര്‍ട്ടിയിലെ പഴയകാല നേതാക്കളെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സിപിഎം ജില്ലാ നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും അക്കൂട്ടത്തില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടിയിലെ പരിഷ്കരണവാദത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന കുഞ്ഞനന്തന്‍ നായര്‍ വി. എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
നായരെ കണ്ട് സമ്മേളനത്തിനെത്തിയ പല നേതാക്കളുടെയും നെറ്റി ചുളിച്ചെങ്കിലും അവരില്‍ മിക്കവരും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുകയാണ് ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് ഇരുന്നതെങ്കിലും വധശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ സന്ദേശം വേദിയില്‍ വായിച്ചപ്പോള്‍ മറ്റ് നേതാക്കള്‍ക്കും സമ്മേളനത്തിലെ പ്രതിനിധികള്‍ക്കുമൊപ്പം കുഞ്ഞനന്തന്‍ നായര്‍ കൈ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി.
ജനവരി 17 തിങ്കളാഴ്ച തുടങ്ങിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സംഘാടക സമിതി ഭാരവാഹികള്‍ രാവിലെ തനിക്ക് ബാഡ്ജ് നല്‍കാന്‍ തയ്യാറായെങ്കിലും പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഇരിക്കാന്‍ താന്‍ താത്പര്യപ്പെടുകയായിരുന്നുവെന്ന് കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.
ജനകീയാസൂത്രണത്തിലെ വിദേശ ഫണ്ടിംഗിനും മറ്റ് പ്രശ്നങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയതിനാണ് സിപിഎം നേതൃത്വം തന്നെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications