കിളിരൂര്‍: ലോഹാംശത്തെക്കുറിച്ച് അന്വേഷിക്കുന്നു
തിരുവനന്തപുരം: കിളിരൂര്‍ സ്ത്രീപീഡനക്കേസിലെ പെണ്‍കുട്ടി ശാരിയുടെ ശരീരത്തില്‍ വന്‍തോതില്‍ ചെമ്പിന്റെ അംശം കണ്ടെത്തിയതിനെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.
ഇക്കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കേസന്വേഷിക്കുന്ന ഡിവൈഎസ്പി എബ്രഹാം മാത്യുവിന് പൊലീസ് ആസ്ഥാനത്തു നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ശാരിയെ ചികിത്സിച്ച ഡോക്ടര്‍മാരെയും മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരേയും പൊലീസ് സംഘം ചോദ്യം ചെയ്യാനാരംഭിച്ചിട്ടുണ്ട്. ശാരിക്കു കൊടുത്തിരുന്ന മരുന്നുകളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവയിലേതെങ്കിലും മരുന്നിന്റെ ഉപയോഗം ശരീരത്തില്‍ ചെമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്.
ഇങ്ങനെയൊരു സാധ്യതയില്ലെങ്കില്‍ മരണകാരണമായ ചെമ്പ് ശാരിയുടെ ഉള്ളില്‍ എങ്ങനെയെത്തിയെന്ന ചോദ്യമുയരും. സ്വാഭാവികമായും ശാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരിക്കും ഇത്തരമൊരു കണ്ടെത്തല്‍ വഴിവയ്ക്കുക.
കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ പാളിച്ചകളുണ്ടായാല്‍ അത് വിമര്‍ശനത്തിനിടയാക്കുമെന്ന കാരണം കൊണ്ടുതന്നെ പൊലീസ് അന്വേഷണത്തിന്റെ കാര്യത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications