Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം: പേജുകള്‍ കീറിയത് കോഴിക്കോട്ടു വച്ച്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസിലെ മുഖ്യപ്രതി ശ്രീദേവിയുടെ ഡയറിയിലെ പേജുകള്‍ കോഴിക്കോട്ടുവെച്ചാണ് കീറിയെടുത്തതെന്ന് രഹസ്യാന്വേഷണത്തിന് നേതൃത്വം കൊടുത്ത സ്പെഷല്‍ബ്രാഞ്ച് റിട്ട. അസിസ്റന്റ് കമ്മീഷണര്‍ കെ.ഭരതന്‍ വെളിപ്പെടുത്തി.

നേരത്തെ ഡയറിയിലെ പേജുകള്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ഓഫീസില്‍നിന്നാണ് കീറിയതെന്ന് ശ്രീദേവി പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

അന്വേഷി പ്രസിഡന്റ് അജിതയുടെ പരാതിപ്രകാരം കേസെടുത്ത ദിവസം രാത്രി അന്നത്തെ നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നോര്‍ത്ത് അസിസ്റന്റ് കമ്മീഷണറും ചേര്‍ന്നു ശ്രീദേവിയുടെ വീട്ടിലും ഐസ്ക്രീം പാര്‍ലറിലും നടത്തിയ തെരച്ചിലിലാണ് ഡയറി കണ്ടെടുത്തത്. പിറ്റേന്നു സിറ്റിപോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഡയറി ഹാജരാക്കിയപ്പോള്‍ രണ്ടു പേജുകള്‍ കീറിയിരുന്നു.

ഐസ്ക്രീം പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നതായ പരാതി കിട്ടിയതിനെത്തുടര്‍ന്ന് രഹസ്യാന്വേഷണം നടത്താന്‍ കമ്മീഷണര്‍ നീരാറാവത്ത് ചുമതലയേല്‍പ്പിച്ചത് അന്നത്തെ അസിസ്റന്റ് കമ്മീഷറായിരുന്ന ഭരതനെയായിരുന്നു. രഹസ്യാന്വേഷണത്തില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഹെഡ്കോണ്‍സ്റബിള്‍ ഹരിദാസന്‍ മേലധികാരികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് തനിക്കനുഭവിക്കേണ്ടിവന്ന യാതനകളെ സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തി കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ സമര്‍പ്പിച്ച തന്നെ ഒഴിവാക്കിയാണ് ശ്രീദേവിയുടെ വീടും കടയും റെയ്ഡ് നടത്തിയതെന്ന് ഭരതന്‍ കുറ്റപ്പെടുത്തി.

1997 ജനവരി 14ന് തിരുവനന്തപുരത്തെ കെടിഡിസിയുടെ ചൈത്രം ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ശ്രീദേവി ഒരു പെണ്‍കുട്ടിയെയും കൂട്ടി കോഴിക്കോടുനിന്ന് അങ്ങോട്ട് തീവണ്ടിയില്‍ യാത്ര തിരിച്ചിരുന്നു. അന്വേഷണത്തിനായി രണ്ട് പോലീസുകാരെയും അവര്‍ സഞ്ചരിച്ച കമ്പാര്‍ട്ടുമെന്റില്‍ വിട്ടു. എന്നാല്‍ അന്ന് റിട്ട. ഡി.ജി.പി. ജയറാം പടിക്കല്‍ മരിച്ചതിനാല്‍ പോലീസുകാര്‍ തിരിച്ചുപോരുകയായിരുന്നു. തുടര്‍ന്ന് കമ്മീഷണര്‍ നീരാ റാവത്ത് തിരുവനന്തപുരം സിറ്റി കമ്മീഷണറുമായി ബന്ധപ്പെട്ട് ചൈത്രത്തിലെ ബുക്ക് ചെയ്ത മുറി റെയ്ഡ് നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. അത് നടന്നിരുന്നുവെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമായിരുന്നുവെന്ന് ഭരതന്‍ അഭിപ്രായപ്പെട്ടു.

സംഭവത്തെപ്പറ്റി സത്യസന്ധമായ വിവരം ശേഖരിച്ചതിന് ഔദ്യോഗിക ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. വിരമിച്ചതിനുശേഷം കോടതിയില്‍ കേസ് കൊടുത്താണ് എസ്.പി. റാങ്ക് നേടിയത്.

രഹസ്യാന്വേഷണത്തില്‍ ഭരതനോടൊപ്പം പ്രവര്‍ത്തിച്ച കാക്കൂര്‍ പോലീസ്സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റബിള്‍ ഹരിദാസന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച സങ്കട ഹര്‍ജിയിലും മേലധികാരികളില്‍നിന്നും ഏല്‍ക്കേണ്ടിവന്ന യാതനകളെക്കുറിച്ച് വിവരിക്കുന്നുണ്ട്.

ഉത്തരവാദിത്വമുള്ള പോലീസുകാരനെന്ന നിലയിലാണ് രഹസ്യാന്വേഷണത്തില്‍ ഹരിദാസനെ ഉള്‍പ്പെടുത്തിയതെന്ന് ഭരതന്‍ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ശ്രീദേവിയുടെ ഐസ്ക്രീം കടയിലേക്ക് വരുന്ന വാഹനങ്ങളുടെ നമ്പറും ശ്രീദേവിയുടെ നീക്കങ്ങളും അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസിലെ അന്വേഷണം തൃപ്തികരമാണെന്ന അഭിപ്രായവും ഭരതനില്ല. പോലീസ് കൂടുതലായി തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും അന്വേഷണം നടത്തുന്നതിന് തടസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+