സൂര്യനെല്ലിക്കേസ് അട്ടിമറിച്ചു: അഡ്വ. ജനാര്‍ദനക്കുറുപ്പ്
കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ക്കനുകൂലമായി ഹൈക്കോടതി വിധി വരാന്‍ കാരണം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഓഫീസ് നടത്തിയ ഇടപെടലുകളാണെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ് പറഞ്ഞു. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയും അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ. ദാമോദരനും ചേര്‍ന്നാണ് കേസ് അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വിധി പെണ്‍വാണിഭത്തെ പ്രോത്സാഹിപ്പിക്കുമെന്നും മൂല്യച്യുതിക്ക് വഴിവയ്ക്കുമെന്നും ജനാര്‍ദനക്കുറുപ്പ് പറഞ്ഞു. വിവിധ കോടതികളിലുള്ള വിതുര മുതല്‍ കിളിരൂരും കോഴിക്കോടും വരെയുള്ള പെണ്‍വാണിഭക്കേസുകളെ വിധി മനഃശാസ്ത്രപരമായി സ്വാധീനിക്കും. സി.പി.എം. ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയില്‍ ഈ കേസില്‍ ഹാജരാകാന്‍ തയ്യാറാണെന്നും ജനാര്‍ദനക്കുറുപ്പ് പറഞ്ഞു.
സൂര്യനെല്ലി കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് വീഴ്ചകള്‍ ഉണ്ടായെന്നാണ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടുന്നതെന്ന് ജനാധിപത്യ വനിതാ സംഘടന സംസ്ഥാന സെക്രട്ടറി അഡ്വ. ടി.ബി. മിനി ആരോപിച്ചു. പെണ്‍വാണിഭ വ്യവസായങ്ങള്‍ തഴച്ചു വളരുന്നതിനും ഈ വിധി കാരണമാകും. ഇത്തരം ധാര്‍മ്മികച്യുതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് തിരിച്ചടിയായി തീരുകയും ചെയ്യും. ജനങ്ങളുടെ അവസാന ആശ്രയമായ കോടതിയില്‍ നിന്നുണ്ടാകുന്ന ഇത്തരം വിധികള്‍ സമൂഹത്തില്‍ നിരാശയ്ക്കാണ് കാരണമാകുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് എതിരായ സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് ജനാധിപത്യ വനിതാ സംഘടന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications