സൂര്യനെല്ലി: കുറുപ്പിനെതിരെ ദാമോദരനും പി. ശശിയും
കൊച്ചി: സൂര്യനെല്ലിക്കേസ് അട്ടിമറിച്ചത് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജി. ജനാര്‍ദനക്കുറുപ്പാണെന്ന് മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. കെ. ദാമോദരനും മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയും ആരോപിച്ചു.
അന്വേഷണം അട്ടിമറിച്ചത് നായനാരുടെ ഓഫീസാണെന്ന് ജനാര്‍ദനക്കുറുപ്പ് പറഞ്ഞതിന് മറുപടിയുമായി ഇരുവരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
തനിക്കെതിരെ കോടതി പരാമര്‍ശനം നടത്തുമെന്ന് ഭയന്നാണ് ജനാദനക്കുറുപ്പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചതെന്ന് എം. കെ. ദാമോദരന്‍ ആരോപിച്ചു. നായനാരുടെ ഓഫീസ് കേസില്‍ ഇടപെട്ടുവെങ്കില്‍ അത് രാജിവയ്ക്കുമ്പോള്‍ പറയണമായിരുന്നു. ജനാര്‍ദനക്കുറുപ്പ് എഴുതിയ ഓര്‍മക്കുറിപ്പുകളിലും ഇതേ കുറിച്ച് ഒന്നും പറയുന്നില്ല.
സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിഫലത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ജനാര്‍ദനക്കുറുപ്പ് രാജിവച്ചതെന്ന് പി. ശശി പറഞ്ഞു. സര്‍ക്കാരിനോട് ആലോചിക്കാതെയാണ് കുറുപ്പ് രാജിവച്ചത്.
അതേ സമയം കേസ് അന്വേഷണം ശരിയായ രീതിയിലായിരുന്നില്ല നടന്നതെന്ന് ജനാര്‍ദനക്കുറുപ്പ് ആരോപിച്ചു. താന്‍ എന്ത് പിഴവാണ് വരുത്തിയതെന്ന് എം. കെ. ദാമോദരന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൂര്യനെല്ലി കേസില്‍ പ്രത്യേക അന്വേഷണ സംഘവുമായും ദാമോദരനുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് പി. ജെ. കുര്യനെ കേസില്‍ പ്രതിയാക്കാന്‍ ഇരുകൂട്ടരും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications