പര്‍വീണ്‍ ബാബി അന്തരിച്ചു
മുംബൈ: ബോളിവുഡിലെ മുന്‍കാല ഗ്ലാമര്‍റാണി പര്‍വീണ്‍ ബാബി (50) മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ചു.
രണ്ട് ദശകക്കാലം ഹിന്ദി സിനിമാലോകത്ത് നിറഞ്ഞുനിന്ന പര്‍വീണ്‍ ബാബിയെ ജൂഹുവിലെ കടലോരത്തെ ഫ്ലാറ്റില്‍ ജനവരി 22 ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും വര്‍ഷമായി ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അവര്‍.
രണ്ട് ദിവസമായി പത്രവും പാല്‍പ്പാക്കറ്റും ഫ്ലാറ്റിന് പുറത്തുതന്നെ കണ്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കൃത്രിമതാക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രാഥമികാന്വേഷണത്തില്‍ മരണം സ്വാഭാവികമാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
എട്ട് മണിക്കൂറോളം മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും മുന്നോട്ടുവന്നില്ല. പിന്നീട് ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളും അന്തിമചടങ്ങുകള്‍ക്കായി മുന്നോട്ടുവന്നു.
1973ല്‍ ഹിന്ദി സിനിമാ ലോകത്തെത്തിയ പര്‍വീണ്‍ ബാബിയുടെ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ചരിത്രഹീനാണ് ആദ്യചിത്രം. അമിതാഭ് ബച്ചനോടൊപ്പം വേഷമിട്ട ദീവാര്‍, കാലിയ, അമര്‍ അക്ബര്‍ ആന്റണി, സുഹാംഗ് എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സിനിമാലോകം വിട്ട പര്‍വീണ്‍ ബാബി കഴിഞ്ഞ ഏതാനും വര്‍ഷമായി ഏകാന്തജീവിതം നയിക്കുകയായിരുന്നു.












Click it and Unblock the Notifications