കാഞ്ചി: ജയേന്ദ്രക്കെതിരെ രവി സുബ്രഹ്മണ്യം
കാഞ്ചീപുരം: ശങ്കരരാമനെ വധിക്കാനുള്ള പദ്ധതികള്‍ 2004 മാര്‍ച്ചില്‍ തന്നെ ആസൂത്രണം ചെയ്തു വന്നിരുന്നതായി കേസില്‍ മാപ്പുസാക്ഷിയായി മാറിയ രവി സുബ്രഹ്മണ്യം.
ഗൂഢാലോചനയില്‍ മഠാധിപതികളായ ജയേന്ദ്ര സരസ്വതിക്കും വിജയേന്ദ്ര സരസ്വതിക്കും പങ്കുണ്ടെന്നും രവി സുബ്രഹ്മണ്യം ആരോപിച്ചു. ശങ്കരരാമന്‍ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മഠാധിപതിമാര്‍ക്കെതിരായി രവി മൊഴി നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.
മഹാമഹം നടക്കുന്ന സമയത്ത് കാഞ്ചി മഠാധിപതി തങ്ങാറുള്ള തഞ്ചാവൂരില്‍ വച്ചാണ് കൊലപാതകം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. തന്നെ തഞ്ചാവൂരില്‍ വിളിച്ചുവരുത്തി കേസിലുള്‍പ്പെട്ട കതിരവനു കൊടുക്കാനെന്നു പറഞ്ഞ് 50ലക്ഷം ജയേന്ദ്രസരസ്വതി ഏല്‍പ്പിച്ചു. അപ്പുവിനെയും കതിരവനെയും കൂട്ടി മഠത്തിലേക്കു വരാനും സ്വാമി ആവശ്യപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന്, അതായത് കൊലപാതകം നടക്കുന്നതിനു രണ്ടുദിവസം മുമ്പ് തങ്ങള്‍ മഠത്തിലെത്തി. അവിടെ വച്ച് ശങ്കരരാമന്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ട് എഴുതിയ കത്തു കാണിച്ച ജയേന്ദ്രസരസ്വതി ശങ്കരരാമനെ ഇനി വച്ചുകൊണ്ടിരുന്നൂടായെന്നഭിപ്രായപ്പെട്ടു. മഠം മാനേജര്‍ സുന്ദരേശനും ഈ സമയം അവിടെയുണ്ടായിരുന്നു. പിന്നീട് ശങ്കരരാമന്‍ വധത്തിന് ഇളയമഠാധിപതിയുടെ അനുഗ്രഹവും 50 ലക്ഷവും വാങ്ങി തങ്ങള്‍ ചെന്നൈയിലേക്കു തിരിച്ചു. അവിടെ നിന്നും അപ്പുവിന്റെ കാറില്‍ സെപ്റ്റംബര്‍ രണ്ടിന് താനും കതിരവനും കാഞ്ചീപുരത്തെത്തി- രവിയുടെ മൊഴിയില്‍ പറയുന്നു.
അടുത്ത ദിവസം അപ്പു താമസിച്ചിരുന്ന ഹോട്ടലിലെത്തിയ താന്‍ കതിരവനെ കണ്ടെന്നും കൊല നടത്തിയെന്നു കതിരവന്‍ പറഞ്ഞെന്നും 20 പേജു വരുന്ന തന്റെ മൊഴിയില്‍ രവി സുബ്രഹ്മണ്യം പറയുന്നു. ഇതെത്തുടര്‍ന്ന് താന്‍ അപ്പുവിനു കൈമാറിയിരുന്ന 50 ലക്ഷം രൂപ അപ്പു കതിരവനു കൈമാറിയെന്നും പിന്നീട് അവരുടെ നിര്‍ദേശപ്രകാരം താന്‍ ഒളിവില്‍ പോയെന്നും രവി പറയുന്നുണ്ട്.
തന്റെ ഒരു സുഹൃത്തിന്റെ ഭാര്യയോട് ജയേന്ദ്ര സരസ്വതി അപമര്യാദയായി പെരുമാറിയെന്നും രവി ആരോപിക്കുന്നു.
തമിഴ്നാട് പൊലീസ് മജിസ്ട്രേറ്റിനു മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രവി സുബ്രഹ്മണ്യത്തിനെതിരായി കേസുകളൊന്നും ചുമത്തിയിട്ടില്ല. ജയേന്ദ്രസരസ്വതിക്കും വിജയേന്ദ്ര സരസ്വതിക്കുമെതിരെ കൊലപാതകവും ഗൂഢാലോചനയുമുള്‍പ്പെടെ ആറു കേസുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications