കേരളത്തില്‍ ലോട്ടറി നിരോധിച്ചു
തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാന ലോട്ടറി ഉള്‍പ്പെടെയുള്ള എല്ലാ ലോട്ടറികളും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ജനവരി 25 ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മന്ത്രിസഭായോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോട്ടറി നിരോധന തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ബുധനാഴ്ച മുതല്‍ ലോട്ടറി നിരോധനം നിലവില്‍ വരും. ചൊവ്വാഴ്ച നടക്കുന്നത് അവസാനത്തെ നറുക്കെടുപ്പായിരിക്കും.
സുപ്രിം കോടതി നിര്‍ദേശം ലംഘിച്ച് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കും അന്യസംസ്ഥാന ലോട്ടറികള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്ന കേരള സര്‍ക്കാര്‍ കോടതിയലക്ഷ്യത്തിന് മാപ്പു പറയണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. എല്ലാ ലോട്ടറികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സുപ്രിം കോടതി ഉത്തരവ് അനുസരിച്ച് അന്യസംസ്ഥാന ലോട്ടറികളും ഓണ്‍ലൈന്‍ ലോട്ടറികളും കേരളത്തില്‍ വില്‍ക്കുന്നതിന് അനുമതി നല്‍കേണ്ടിവരും. ഇതൊഴിവാക്കാനാണ് ലോട്ടറി നിരോധനം ഏര്‍പ്പെടുത്തിയത്.
സുപ്രിം കോടതി 1998ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്വന്തം ലോട്ടറികള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറികളും അന്യസംസ്ഥാന ലോട്ടറികളും നിരോധിക്കാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തിന് നിയമസാധുതയുണ്ടാവില്ലെന്നതിനാലാണ് എല്ലാ ലോട്ടറികളും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ തീരുമാനം പുന:പരിശോധിക്കും. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവര്‍ക്കായി പുനരധിവാസ പരിപാടി നടപ്പിലാക്കും. ഇതിനായി ധനകാര്യവകുപ്പിനെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications